പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായ ജനവിധിയാണ് കേരളത്തില്‍ പൊതുവിലുണ്ടാവാറുള്ളത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. ഒരു സീറ്റ് പോലും പാര്‍ടിക്ക് ലഭിക്കാത്ത സാഹചര്യവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. അത്തരം ഘട്ടങ്ങളിലെല്ലാം ശരിയായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുന്ന ശൈലിയാണ് പാര്‍ടി സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് തിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഭാഗമായാണ് തുടര്‍ന്ന് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാന്‍ എല്‍.ഡി.എഫിന് സാധിച്ചത്. അതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാവട്ടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിക്കുന്ന സ്ഥിതിയുമുണ്ടായി.
രാജ്യത്ത് ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് അധികാരത്തില്‍ വരാന്‍ പറ്റാത്ത സ്ഥതി ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എന്‍.ഡി.എക്ക് ഒരു സീറ്റില്‍ വിജയിക്കാനായി. നേമത്തെ തെരഞ്ഞെടുപ്പില്‍ അസംബ്ലിയില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ബി.ജെ.പി അക്കൗണ്ട് തുറന്നെങ്കിലും പിന്നീട് അതില്ലാതാവുകയാണ് ചെയ്‌തത്. മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥി നേരത്തെ വിജയിച്ചിരുന്നുവെങ്കിലും പീന്നീട് അത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
വര്‍ഗ്ഗീയ ശക്തികളുടെ വളര്‍ച്ചയ്‌ക്കെതിരായി ആശയപരവും, സംഘടനാപരവും, പ്രത്യയശാസ്‌ത്രപരവുമായ ഇടപെടലുണ്ടാവേണ്ടതിന്റെ പ്രധാന്യം ഈ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് വിധിയെ ശരിയായ അര്‍ത്ഥത്തില്‍ പരിശോധിച്ച് തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകും. ജനങ്ങള്‍ക്കൊപ്പം കൂടുതല്‍ ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.