ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വർണ്ണം കവർച്ചചെയ്യാൻ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. 56 ലക്ഷം രൂപയുടെ സ്വർണവുമായി കുറ്റ്യാടി സ്വദേശി ലബീബ് എന്ന യാത്രക്കാരനും ഇയാളുടെ അറിവോടെ സ്വർണ്ണം കവർച്ചചെയ്യാൻ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആറ് പേരടങ്ങുന്ന സംഘവുമാണ് വിമാനത്താവള പരിസരത്തുവെച്ച് അറസ്റ്റിലായത്.
ലബീബ് സ്വർണവുമായി പുറത്തെത്തിയ ശേഷം യാത്രക്കിടയിലോ മറ്റോ കവർച്ച സംഘം സ്വർണം തട്ടിയെടുക്കുക എന്നതായിരുന്നു പദ്ധതി. സ്വർണം കടത്തിയ ആളും കവർച്ചാ സംഘവും അറിഞ്ഞുകൊണ്ടുള്ള പദ്ധതിയായിരുന്നു. സ്വർണം കൊണ്ടുവന്നത് മറ്റൊരു പാർട്ടിക്ക് വേണ്ടിയായിരുന്നതിനാൽ അവരെ വഞ്ചിച്ച് സ്വർണം കൈക്കലാക്കുക എന്നതായിരുന്നു പദ്ധതി.
എന്നാൽ പദ്ധതി സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള പരിസരത്ത് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
വിമാനത്താവളത്തിലെ അറൈവൽ ഗേറ്റിൽ സംശയാസ്പദമായ രീതിയിൽ നിലയുറപ്പിച്ച കണ്ണൂർ പാനൂർ സ്വദേശികളായ നിധിൻ (26), അഖിലേഷ് (26), മുജീബ് എന്നിവരെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കവർച്ചാ സംഘത്തിന്റെ വിശദമായ പദ്ധതി വ്യക്തമായത്. വിമാനത്താവളത്തിന് പുറത്ത് മറ്റൊരു കാറിൽ പാനൂർ സ്വദേശികളായ അജ്‌മൽ (36), മുനീർ (34), നജീബ് (45) എന്നിവർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇവരിൽനിന്ന് വിവരം ലഭിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഫസൽ എന്നയാളാണ് സ്വർണ്ണവുമായി വരുന്ന യാത്രക്കാരന്റെ വിവരങ്ങൾ കവർച്ചാ സംഘത്തിന് കൈമാറിയത്.
അതേസമയം, കസ്റ്റംസ് പരിശോധനകളെല്ലാം കഴിഞ്ഞ് സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ലബീബിനെ പോലീസ് പിടികൂടി. 56 ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയിട്ടും കസ്റ്റംസ് പരിശോധനയിൽ അത് കണ്ടെത്താനായിരുന്നില്ല. ഇയാൾ പോലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്ത കവർച്ചാസംഘത്തിലെ മൂന്നുപേർ പദ്ധതി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ, കവർച്ചാസംഘത്തെ പിന്തുടർന്ന പോലീസ് കണ്ണൂർ ചൊക്ലിയിൽവെച്ച് അറസ്റ്റ് ചെയ്തു.
കടത്ത് സ്വർണ്ണം കവർച്ചചെയ്‌ത് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. പോലീസിന്റെ ക്രിയാത്മകമായ ഇടപെടലിലൂടെയാണ് കുറ്റകൃത്യങ്ങൾ തടയാനും 56 ലക്ഷം രൂപ വിലവരുന്ന കള്ളകടത്ത് സ്വർണ്ണം പിടിച്ചെടുക്കാനുമായത്
കവർച്ചാസംഘത്തിലുൾപ്പെട്ട പാനൂർ സ്വദേശിയായ അഖിലേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വയനാട് മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ ഒന്നര കോടി രൂപ കവർച്ചചെയ്ത ഹൈവേ റോബറി കേസിൽ അറസ്റ്റിലായി ഉപാധികളോടെ കോടതി ജാമ്യത്തിൽ വിട്ടയച്ചയാളാണ്. ലബീബ്, അഖിലേഷ്, നിധിൻ, മുജീബ്, നജീബ്, മുനീർ, അജ്മൽ എന്നിവരെയും പിടിച്ചെടുത്ത സ്വർണ്ണവും മഞ്ചേരി കോടതിയിൽ ഹാജരാക്കുന്നതോടൊപ്പം ലബീബിനെതിരെയുള്ള തുടർനടപടികൾക്കായി പ്രിവൻ്റീവ് കസ്റ്റംസിന് വിശദമായ റിപ്പോർട്ടും സമർപ്പിക്കും.