പൗരത്വ ഭേദഗതി നിയമം: നിലപാട് വ്യക്തമാക്കി കോൺഗ്രസ് അഖിലേന്ത്യ നേതാവ്

Representative image taken from internet ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയർമാനുമായ പി. ചിദംബരം.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ശശി തരൂരും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്റെ നേതാക്കളല്ലാവരും പൗരത്വ നിയമത്തിനെതിരെ പോരാട്ടം നടത്തുന്നതിന്റെ നിരവധി തെളിവുകൾ ഉണ്ടായിട്ടും കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ”യാതൊരു സംശയവും വേണ്ട, അധികാരത്തിലെത്തിയാൽ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ നിയമം റദ്ദാക്കുക തന്നെ ചെയ്യും” – കെപിസിസി മാധ്യമസമിതിയുടെ മുഖാമുഖം പരമ്പരയിൽ പങ്കെടുക്കവേ പി. ചിദംബരം ആവർത്തിച്ചു.

ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാണ്. നല്ല ഭൂരിപക്ഷത്തോടെ ഇന്ത്യാ മുന്നണി അധികാരത്തിലെത്തും. കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും വിമർശിക്കുന്ന സിപിഎമ്മിന് അധികാരത്തിലെത്താൻ കഴിയില്ലെന്നിരിക്കെ, ഇടതുപക്ഷത്തിന് വോട്ട് നൽകിയത് കൊണ്ട് എന്തുഗുണം എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം.

കേരളത്തിന് വേണ്ടി പത്തുവർഷത്തിനിടെ യുപിഎ സർക്കാർ നടപ്പാക്കിയത് 50,414 കോടിയുടെ പദ്ധതികളാണ്. 13 അക്കാദമിക് സ്ഥാപനങ്ങൾ, പത്ത് കേന്ദ്രസ്ഥാപനങ്ങൾ, പ്രതിരോധ മന്ത്രാലയത്തിന്റെ ആറ് സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ജില്ലകൾക്കും അഞ്ചും ആറും പദ്ധതികൾ വീതം നടപ്പാക്കിയിട്ടുണ്ട്. ബിജെപി സർക്കാർ സംസ്ഥാനത്തിന് എന്ത് നൽകിയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇനിയും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ജനാധിപത്യം മരിക്കും, ഭരണഘടന തകർക്കപ്പെടും, സ്വാതന്ത്യം നഷ്ടമാകും, ജനജീവിതം ദുസഹമാകും. നിലവിൽ ഭരണഘടനാ സ്ഥാപനങ്ങൾ പോലും ബിജെപിയുടെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ, വിവരാവകാശ കമ്മീഷൻ, പട്ടികജാതി, വർഗ കമ്മീഷൻ തുടങ്ങി സിഎജിക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാനാവുന്നില്ല. ജുഡീഷ്യറിയും അത്തരമൊരു ആരോപണത്തിന്റെ നിഴലിലാണ്.

രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ 32 ജേർണലിസ്റ്റുകൾ കൊല്ലപ്പെട്ടു.

തൊഴിൽ, ക്ഷേമം, സമ്പത്ത് എന്നിവയാണ് കോൺഗ്രസ് പ്രകടന പത്രിക മുന്നോട്ടുവെയ്ക്കുന്നത്. സ്ത്രീ നീതി, കർഷക നീതി, തൊഴിലാളി നീതി, യുവാക്കൾക്ക് നീതി, പാർശ്വവൽകൃതർക്ക് നീതി എന്നിവ ഉറപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാർ നിയമനം എടുത്തുകളയും. സ്ത്രീകൾക്ക് കേന്ദ്രസർക്കാർ ജോലിക്ക് അൻപത് ശതമാനം സംവരണമേർപ്പെടുത്തും. തൊഴിലുറപ്പ് വേതനം വർധിപ്പിക്കും. സൈനിക നിയമത്തിനുള്ള അഗ്നിപഥ് പദ്ധതി എടുത്തുകളയും -ചിദംബരം വ്യക്തമാക്കി.

തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. തൊഴിൽ രംഗത്തെ എല്ലാമേഖലയും തകർക്കപ്പെട്ടു. ബിരുദധാരികളായ യുവാക്കൾ തൊഴിൽതേടി അന്യനാടുകളിലേക്ക് പലായനം ചെയ്യുകയാണ്. 34 ലക്ഷത്തോളം ഒഴിവുകളാണ് നികത്താനുള്ളത്. ഇക്കാര്യത്തിൽ സമഗ്രമായ പദ്ധതിയാണ് കോൺഗ്രസ് ആവിഷ്ക്കരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് രാഷ്ട്രീയവും സർക്കാരിന്റെ നേട്ടങ്ങളും പറയാതെ ജാതിയുടെയും മതത്തിന്റെയും ആചാരങ്ങളുടെയും ക്ഷേത്രങ്ങളുടെയുമൊക്കെ പേര് പറഞ്ഞ് മോദിയും ബിജെപിയും വീരാരാധന വളർത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പാർലമെന്റിൽ ഒരു അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി പോലും നൽകാത്ത സർക്കാരാണിത്.

Share This News

0Shares
0