പ്രതീക്ഷയോടെ നിമിഷപ്രിയയുടെ അമ്മ യെമനിൽ; നടക്കാനുള്ളത് നിര്‍ണായക ചര്‍ച്ച

Image taken from internet വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിൽ. മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായാണ് എത്തിയത്. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് മകളെ കാണാന്‍ പ്രേമ കുമാരിക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി പ്രേമകുമാരി ഉടന്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിവരം.

ശനിയാഴ്ച രാത്രിയാണ് പ്രേമകുമാരി സേവ് നിമിഷപ്രിയ ഫോറം അംഗമായ സാമുവേല്‍ ജെറോമിനൊപ്പം യെമനിലെത്തിയത്. തുടര്‍ന്ന് ഇരുവരും കരമാര്‍ഗം സനയിലെത്താനിരിക്കുകയാണ്. നിമിഷ പ്രിയയെ ഏഴ് വര്‍ഷത്തിനുശേഷം കാണാന്‍ പ്രേമകുമാരിയ്ക്ക് അവസരമുണ്ടാകും. അതിനുശേഷം യെമനിലെ ഗോത്രതലവന്മാരുമായും പ്രേമകുമാരി ചര്‍ച്ചകള്‍ നടത്തും. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി പ്രേമകുമാരി നടത്തുന്ന ചര്‍ച്ച വിജയകരമായാല്‍ നിമിഷപ്രിയയ്ക്ക് നാട്ടിലെത്താനാകും.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രിംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ പ്രതീക്ഷ. ഇതിനായുള്ള ചര്‍ച്ചക്കാണ് ഇപ്പോള്‍ പ്രേമകുമാരി യെമനിലെത്തിയത്.

Share This News

0Shares
0