സിനിമ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശിയായ പ്രതിയെ കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും ഇയാൾ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. കാർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് സംവിധായകൻ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ ‘അഭിലാഷം’ വീട്ടിൽ മോഷണം നടന്നത്. സ്വർണവും വജ്രവും ഉൾപ്പെടെ ഒരു കോടി രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ശനി പുലർച്ചെ 1.25നും രണ്ടിനുമിടയ്‌ക്കായിരുന്നു മോഷണം. മുകൾ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഒരു സെറ്റ് വജ്ര നെക്‌ലസ്, 10 വജ്ര മോതിരം, 12 വജ്ര കമ്മൽ, രണ്ട് സ്വർണ വങ്കി, 10 സ്വർണമാല, 10 സ്വർണ വള, 10 വാച്ചുകൾ എന്നിവയാണ് മോഷണം പോയത്.
അടുക്കളഭാഗത്തെ ജനാലവഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. അടഞ്ഞുകിടന്ന രണ്ട് മുറികളിൽ കയറിയിട്ടുണ്ട്. ഇതിൽ ജോഷിയുടെ മകൻ അഭിലാഷിന്റെ മുറിയിൽവച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. അഭിലാഷ് സ്ഥലത്തില്ലായിരുന്നു. ജോഷിയും ഭാര്യയും മരുമകളും മൂന്ന് പേരക്കുട്ടികളും ബന്ധുവിന്റെ മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.