കൊച്ചിയിൽ ‘ഐസ് മെത്ത്’ എന്ന് വിളിപ്പേരുള്ള മാരക മയക്കുമരുന്നുമായി മർച്ചൻ്റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ എക്സൈസ് പിടിയിൽ.’മഞ്ഞുമ്മൽ മച്ചാൻ’ എന്ന ലഹരി സംഘത്തിലെ പ്രധാനിയായ ഏലൂർ മഞ്ഞുമ്മൽ സ്വദേശി ഷബിൻ ഷാജി (26), ആലുവ ചൂർണ്ണിക്കര സ്വദേശി അക്ഷയ് വി എസ് (27) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്സൈസ് ഇൻ്റലിജൻസ്, വരാപ്പുഴ റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് ഐസ് മെത്ത് എന്ന വിളിപ്പേരുള്ള 10 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെടുത്തു. രാജസ്ഥാനിൽ മർച്ചൻ്റ് നേവി കോഴ്സ് ചെയ്യുന്ന ഷബിൻ അവിടെ വച്ച് പരിചയപ്പെട്ട പഞ്ചാബ് സ്വദേശിയിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി കളമശ്ശേരി, ഏലൂർ, മഞ്ഞുമ്മൽ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നു. രണ്ടാഴ്ച മുൻപ് വൈറ്റില ചക്കരപ്പറമ്പിൽ നിന്ന് 62 ഗ്രാം മെത്താംഫിറ്റമിനും, 3 കിലോ കഞ്ചാവും, 18 മയക്കുമരുന്നു ഗുളികകളുമായി രണ്ട് പേരെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ “മഞ്ഞുമ്മൽ മച്ചാൻ” എന്ന പേരിൽ എറണാകുളം ടൗൺ ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് തലവൻ അസി. എക്സൈസ് കമ്മീഷണർ ടി. അനികുമാറിൻ്റെ നേതൃത്വത്തിൽ ഫോൺകോൾ വിവരങ്ങളും, സമൂഹ മാധ്യമ അക്കൗണ്ടുകളും സൂഷ്മമായി പരിശോധിച്ച് ഇവരുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച് വരുകയായിരുന്നു.
ഇവരിൽ നിന്ന് മയക്ക് മരുന്ന് വാങ്ങുന്നവർക്ക് അർദ്ധരാത്രിയോട് കൂടി ഇവർക്ക് ഏറെ സ്വാധീനമുള്ള മഞ്ഞുമ്മൽ കടവ് റോഡിൽ വച്ചാണ് മയക്ക് മരുന്ന് കൈമാറിയിരുന്നത്. പതിവ് പോലെ പുലർച്ചെ ഒരു മണിയോട് കൂടി മഞ്ഞുമ്മൽ കടവ് ഭാഗത്ത് മയക്ക് മരുന്ന് കൈമാറുവാൻ എത്തിയ ഇരുവരും, എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് ഇരുവരേയും പിൻതുടർന്ന് പിടികൂടി.
പിടിയിലായ സമയം അക്രമാസക്തനായ ഷബിൻ ഷാജി കൈവശം ഉണ്ടായിരുന്ന മയക്കുമരുന്ന് വിഴുങ്ങാൻ ശ്രമിച്ച് പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടൽ മൂലം വിജയിച്ചില്ല. ഷബിനും, അക്ഷയും വരാപ്പുഴ എക്സൈസ് റേഞ്ചിലെ മുൻ മയക്ക് മരുന്ന് കേസിലെ പ്രതികളാണ്. ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിൻമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. പ്രതികളെ കസ്റ്റഡിയിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.