മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയുമായി പിടിയിലായ പ്രതികൾക്ക് 34 വർഷം കഠിന തടവും 300000 രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. 31.07.2022 ആം തീയതിയാണ് ഉബൈദുള്ള (28 വയസ്സ്), അബ്ദുൾ റഹ്മാൻ (58 വയസ്സ്), സീനത്ത് (49 വയസ്സ്) എന്നിവരെ എക്സൈസ് ഇൻ്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത്. വാഹനങ്ങളിൽ നിന്നും വീട്ടിൽ നിന്നുമായി ആകെ 74.669 കിലോഗ്രാം കഞ്ചാവും 52 ഗ്രാം MDMA യും പ്രതികളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തിരുന്നു.
വ്യാവസായിക അളവിലുള്ള കഞ്ചാവ് കടത്ത്, സിന്തെറ്റിക് രാസലഹരി സൂക്ഷിക്കുക, മയക്കുമരുന്ന് കടത്തിലും, ഗൂഢാലോചനയിലും പങ്കാളി ആകുക തുടങ്ങി എക്സൈസ് പ്രതികൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി കോടതിയിൽ തെളിഞ്ഞതോടെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജ് എം പി ജയരാജ് ശിക്ഷ വിധിച്ചത്.
മലപ്പുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ അധിക ചുമതലയുണ്ടായിരുന്ന മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ ഇ.ടി ഷിജുവും പാർട്ടിയും ചേർന്നാണ് കേസ് എടുത്തത്. ഉത്തരമേഖല എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ എൻ ബൈജു കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി.
എക്സൈസ് ക്രൈം ബ്രാഞ്ച് രൂപീകൃതമായ ശേഷം മേജർ കേസുകളുടെ അന്വേഷണത്തിൽ വൻ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ഉത്തരമേഖല എക്സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച, നിലമ്പൂർ കൂറ്റൻപാറയിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടികൂടിയ കേസിലെ പ്രതികളായ പത്ത് പേർക്ക് രണ്ടു വകുപ്പുകളിലായി 30 വർഷം വീതം കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. കൂടാതെ കൊറിയർ വഴി മയക്കുമരുന്ന് വില്പന നടത്തിയ എൻജിനീയറിങ് ബിരുദധാരിക്ക്
24 വർഷത്തെ കഠിന തടവും, ടൂറിസ്റ്റ് ബസിൽ മയക്കുമരുന്ന് സ്റ്റാമ്പും, മെത്താംഫിറ്റമിനും കടത്തിയ കേസിൽ 20 വർഷത്തെ കഠിന തടവും കോടതി ശിക്ഷ വിധിച്ചിരുന്നു.