മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിയിലെ സിഎംആർഎൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ഇന്നലെ വിളിച്ചു വരുത്തിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് തുടങ്ങിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രിയോടെ ഇവരെ വിട്ടയക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായിട്ടില്ല. രാത്രി വൈകിയും പുലര്‍ച്ചയും ചോദ്യം ചെയ്യല്‍ തുടർന്നു.
സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത തിങ്കളാഴ്ച ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകിയെന്നാണ് വിവരം. എക്സാലോജിക് കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും ഇല്ലാത്ത സേവനത്തിന്റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇ ഡി പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ അടക്കമുളളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കത്തിലാണ് ഇ ഡി.