ക്ഷേമപെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ

Representative image taken from internet സാമൂഹ്യ ക്ഷേമപെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമപെൻഷനെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ക്ഷേമപെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമപെൻഷൻ. നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ല ക്ഷേമപെൻഷനെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയതിനെതിരായ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് അഞ്ച് വിഭാഗങ്ങളിലായി 45 ലക്ഷത്തിലധികം ആളുകൾക്ക് പെൻഷൻ നൽകുന്നുണ്ട്. പെൻഷൻ വിതരണത്തിനായി മാസം 900 കോടി രൂപയാണ് സർക്കാരിന് ചെലവ്. ഇതിന് പുറമെ വെൽഫെയർ പെൻഷനുകൾക്കായി 90 കോടി രൂപ വേറെയും കണ്ടെത്തണം. സാമൂഹ്യപെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ വിതരണം നടക്കാത്തതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Share This News

0Shares
0