അവസാന ഓവറിലെ ആദ്യ പന്ത്. വിജയനത്തിനു വേണ്ടത് ഒരു റൺമാത്രം. സ്ട്രൈക്കിങ് എൻഡിൽ ജോസ് ബട്ലർ. സെഞ്ച്വറിക്ക് കൃത്യം 6 റൺ മാത്രം അകലെ. കൗതുകം ആവേശത്തിലേക്ക് വഴിമാറിയ നിമിഷം. ജയ്പ്പൂറിലെ സവായി മാൻസിങ് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച് മിഡ് വിക്കറ്റിനു മുകളിലൂടെ ആ പന്ത് പറന്നു. ടീമിൻ്റെ വിജയം ഉറപ്പിച്ചിരുന്നെങ്കിലും ബട്ലറുടെ ആ അപ്രതീക്ഷിത സെഞ്ച്വറി രാജസ്ഥാൻ ആരാധകർക്ക് ഇരട്ടി മധുരമായി. ആർ സിബിക്കെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ കോഹ്ലിയും (72 പന്തിൽ 113 നോട്ടൗട്ട്) ഡൂപ്ലസിയും(33 പന്തിൽ 44) മികച്ച തുടക്കമാണ് ആർസിബിക്ക് നൽകിയതെങ്കിലും 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 183 റൺ എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ ആതിഥേയർക്ക് ആദ്യ ഓവറിലെ രണ്ടാമത്തെ പന്തിൽ ഓപ്പണർ യശസ്വി ജെയ്സ്വാളിനെ നഷ്ടമായെങ്കിലും ജോസ് ബട്ലർക്കൊപ്പം ക്യാപ്റ്റൻ സഞ്ജു സാംസൺ നിലയുറപ്പിച്ചു. രണ്ടു സിക്സറുകളും എട്ടു ഫോറുമുൾപ്പടെ 42 പന്തിൽ നിന്നും 69 റണ്ണടിച്ചാണ് സഞ്ജു മടങ്ങിയത്. റിയാൻ പരാഗ് നാല് റണ്ണിനും ജൂറൽ രണ്ടു റണ്ണിനും പുറത്തായെങ്കിലും ഷിമ്റോൺ ഹെറ്റ്മെയറുമായി (6 പന്തിൽ 11 റൺ നോട്ടൗട്ട്) ചേർന്ന് നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ജോസ് ബട്ലർ(58 പന്തിൽ 100 നോട്ടൗട്ട്) വിജയ ലക്ഷൃം മറികടക്കുകയായിരുന്നു. ബട്ലറാണ് മാൻ ഓഫ് ദി മാച്ച്. ഞായറാഴ്ച രണ്ടു മത്സരങ്ങളുണ്ട്. വൈകിട്ട് 3.30ന് മുംബെയിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഡെൽഹി ക്യാപ്പിറ്റൽസിനെയും രാത്രി 7.30 ന് ലക്നൗവിൽ നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ഗുജറാത്ത് ടൈറ്റൻസിനെയും നേരിടും.
ശനിയാഴ്ചത്തെ ജയത്തോടെ രാജസ്ഥാൻ റോയൽസ് നാലു കളിയിൽനിന്നും നാലു ജയവുമായി ഐപിഎൽ പോയിൻ്റു ടേബിളിൽ വീണ്ടും ഒന്നാമതെത്തി.