അന്തിമ വോട്ടര്‍ പട്ടികയായി; സംസ്ഥാനത്ത് 6.49 ലക്ഷം വോട്ടര്‍മാര്‍ വര്‍ധിച്ചു

Representative image ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. 2,77,49,159 വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി.

പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍ 5,34,394 പേരാണ്.
ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍-367. സ്ത്രീ പുരുഷ അനുപാതം 1,000: 1,068.

കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം (33,93,884), കുറവ് വോട്ടര്‍മാര്‍ ഉള്ള ജില്ല – വയനാട് (6,35,930), കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം(16,97,132), കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല – തിരുവനന്തപുരം(94), ആകെ പ്രവാസി വോട്ടര്‍മാര്‍ -89,839, പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,793). 80 വയസ്സിന് മുകളില്‍ പ്രായമുള്ള 6,27,045 വോട്ടര്‍മാരുണ്ട്.

അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്ക് മാര്‍ച്ച് 25 വരെ അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരം നല്‍കിയിരുന്നു. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിനുള്ള നടപടികളും നിരന്തരം സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ കാലയളവില്‍ സോഫ്റ്റ് വെയര്‍ മുഖേന കണ്ടെത്തിയ സ്ഥലപരമായി സമാനതയുള്ള എന്‍ട്രികള്‍, ഫോട്ടോ സമാനമായ എന്‍ട്രികള്‍ എന്നിവ ബിഎല്‍ഒ മാര്‍ വഴി പരിശോധിച്ച് അധികമായി പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കി.

ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) ലഭ്യമാക്കിയിരുന്നു. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ വോട്ടര്‍ പട്ടിക ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചും മാര്‍ച്ച് 25 വരെ ലഭിച്ച വിവിധ അപേക്ഷകള്‍ പരിഗണിച്ചുമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജില്ലകളില്‍ അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനക്ക് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരെയും സ്ഥിരതാമസം മാറിയവരെയും ഉള്‍പ്പെടെ കണ്ടെത്തി ഒഴിവാക്കിയിരുന്നു. കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കുന്നതിനായി വിപുലമായ ശുദ്ധീകരണ പ്രക്രിയയും പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും സംസ്ഥാന വ്യാപകമായി നടത്തിയിരുന്നു എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ വിവരം: തിരുവനന്തപുരം- 14,30,531, ആറ്റിങ്ങല്‍- 13,96,807, കൊല്ലം- 13,26,648, പത്തനംതിട്ട-14,29,700, മാവേലിക്കര-13,31,880, ആലപ്പുഴ-14,00,083, കോട്ടയം-12,54,823, ഇടുക്കി-12,50,157, എറണാകുളം-13,24,047, ചാലക്കുടി-13,10,529, തൃശൂര്‍-14,83,055, ആലത്തൂര്‍-13,37,496, പാലക്കാട്-13,98,143 പൊന്നാനി-14,70,804 മലപ്പുറം-14,79,921 കോഴിക്കോട്-14,29,631 വയനാട്-14,62,423, വടകര-14,21,883, കണ്ണൂര്‍-13,58,368, കാസര്‍കോഡ്-14,52,230.

Share This News

0Shares
0