തലസ്ഥാന നഗരം കാത്തിരിക്കുന്ന പേരൂർക്കട ഫ്ളൈഓവറിന്റെ നിർമ്മാണം ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ആരംഭിക്കുമെന്ന് അറിയുന്നു. ഫ്ളൈഓവർ യാഥാർത്ഥ്യമാകുന്നതോടെ പേരൂർക്കടയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.
കളക്ടറേറ്റിലേക്ക് പോകേണ്ട കുടപ്പനക്കുന്ന് റോഡ് ഉൾപ്പെടെ ഒമ്പതു റോഡുകളാണ് പേരൂർക്കട ജംഗ്ഷനിലെത്തുന്നത്.നെടുമങ്ങാട് ഭാഗത്തുനിന്ന് നഗരത്തിലേക്കും തിരിച്ചുമുള്ള വാഹനങ്ങളൊക്കെ പേരൂർക്കട ജംഗ്ഷനിൽ മണിക്കൂറുകളോളമാണ് കുടുങ്ങിക്കിടക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാലുടൻ പദ്ധതി നടത്തിപ്പുകാരായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ നിർമ്മാണത്തിനുള്ള ടെൻഡർ ക്ഷണിക്കും.ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
2002 മുതൽ പേരൂർക്കടയിൽ ഫ്ലൈഓവർ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനങ്ങൾ പലതുണ്ടായെങ്കിലും 2016 -17 ലെ ബഡ്ജറ്റിലാണ് അണ്ടർപ്പാസ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പണം വകയിരുത്തിയത്.