പാനൂർ കൈവേലിക്കൽ മുളിയാത്തോടിൽ ബോംബ് നിർമാണത്തിനിടെ ഒരു സി പി ഐ എം പ്രവർത്തകൻ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽ ക്കുകയും ചെയ്ത സംഭവം ലോകസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് നടത്തിയ ആസൂത്രിത ശ്രമത്തിൻ്റെ ഭാഗമാണെന്ന് ആർഎംപിഐ സസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു. വടകര ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ കൈവേലിക്കലിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ പര്യടനം വരും ദിവസം ഉണ്ടെന്നിരിക്കെ സിപിഐ എം ശക്തികേന്ദ്രത്തിൽ സ്ഫോടനം ഉണ്ടായി എന്നത് നിസ്സാര കാര്യമല്ല. ആരെയൊക്കെയോ അപായപ്പെടുത്താൻ സിപിഐ എം ഗൂഢാലോചന നടത്തി എന്നത് വ്യക്തമാണ്. അല്ലെങ്കിൽ എന്തിന് ഇപ്പോൾ ബോംബുണ്ടാക്കണം? പൊതുവെ സമാധാനം നിലനിൽക്കുന്ന സ്ഥലത്ത് ഭയത്തിൻ്റെ വിത്ത് വിതയ്ക്കുന്നത് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പരാജയ ഭീതി കൊണ്ടാണ്. പാനൂരിലും പരിസരങ്ങളിലും വീണ്ടും കൊലപാതക പരമ്പര നിലനിർത്തി രാഷ്ട്രീയ ലാഭം നേടാനാണ് സിപിഐ എം ശ്രമിക്കുന്നത്. പിണറായി വിജയൻ്റെ ദുർഭരണം നിമിത്തം പൊറുതി കെട്ട ജനത അതിനെതിരെ വിധിയെഴുതുമെന്ന ഘട്ടം വന്നപ്പോൾ കലാപമുണ്ടാക്കി ജനശ്രദ്ധ തിരിക്കാനാണ് ശ്രമം. ഇക്കാര്യം ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണം. ഒരു മനുഷ്യന് പോലും പോറലേൽക്കാതെ വേണം ഈ തെരഞ്ഞെടുപ്പ് കാലം മുന്നോട്ട് പോകേണ്ടത്. കലാപമുണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണം. ബോംബ് സ്ഫോടനം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം. പ്രദേശത്ത് ബോംബ് നിർമാണം നടക്കുന്ന വിവരം പൊലീസിന് അറിയാമായിരുന്നിട്ടും ആവശ്യമായ മുൻകരുതൽ പൊലീസ് എടുത്തില്ല. ഇതൊക്കെ ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ പരിധിയിൽ വരണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെടണമെന്നും എൻ.വേണു ആവശ്യപ്പെട്ടു. സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന പതിവ് പല്ലവി സിപിഐ എം ഉപേക്ഷിക്കണം.യുവാക്കളെ കൊലക്ക് കൊടുക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇനിയെങ്കിലും സിപിഐ എം പിന്തിരിയണമെന്നും വേണു അഭ്യർത്ഥിച്ചു.