ബോൾട്ടും ചഹലും മിന്നിച്ചു, ബാറ്റിങ്ങിൽ റിയാനും; മുംബൈയെയും തകർത്ത് രാജസ്ഥാൻ

Representative image റിയാൻ പരാഗിന് ഓറഞ്ച് ക്യാപ്പ്, കുറഞ്ഞ റൺ മാത്രം വിട്ടുകൊടുത്ത് മൂന്നു വീതം വിക്കറ്റുകളുമായി ബോൾട്ടും ചഹലും. തിങ്കളാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ആതിഥേയരെ ആറു വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം വിജയവും കൈപ്പിടിയിലാക്കി ജൈത്രയിലാണ്. പോയിൻ്റു നിലയിലും ഒന്നാമതായി സഞ്ജുവും സംഘവും.

ടോസ് നേടിയ രാജസ്ഥാൻ മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബോൾട്ടിൻ്റെ ആദ്യ ഓവറിൽ തന്നെ ആതിഥേയരുടെ രണ്ടുപേർ ഒറ്ററണ്ണെടുക്കാതെ ബാറ്റുമായി മടങ്ങി. ഓപ്പണർ രോഹിത് ശർമ്മയും വൺ ഡൗണായി ഇറങ്ങിയ നമൻ ധിറും ഗോൾഡൻ ഡക്കാവുകയായിരുന്നു. തുടർന്നിറങ്ങിയ ഡെവാൾഡ്‌ ബ്രെവിസിനെയും ബോൾട്ട് തൻ്റെ രണ്ടാമത്തെ ഓവറിലെ രണ്ടാം പന്തിൽ ഗോൾഡൻ ഡക്കാക്കി മടക്കി. 14 പന്തിൽ 16 റൺ എടുത്തു നിന്ന ഇഷാൻ കിഷനെ നാന്ദ്രെ ബർഗറും മടക്കിയതോടെ 3.3 ഓവറിൽ 20 റണ്ണിന് നാലു വിക്കറ്റ് എന്ന ശോകാവസ്ഥയിലായി. 21 പന്തിൽ 34 റണ്ണുമായി മുംബൈ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയും 29 പന്തിൽ 32 റണ്ണുമായി തിലക് വർമ്മയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ചഹലിന് മുന്നിൽ കീഴടങ്ങി. 24 പന്തിൽ 17 റണ്ണെടുത്ത ടിം ഡേവിഡിനേക്കൂടി നഷ്ടമായതോടെ 20 ഓവറിൽ 9 വിക്കറ്റിന് 125 ൽ മുംബൈ തീർന്നു.

രാജസ്ഥാനും തകർച്ചയോടെയായിരുന്നു തുടക്കമെങ്കിലും കഴിഞ്ഞ കളിയിലെ മികച്ച പ്രകടനം നടത്തിയ റിയാൻ പരാഗ് ടീമിൻ്റെ രക്ഷകനായി വീണ്ടും രംഗത്തെത്തി. ജെയ്സ്വാൾ 10 റണ്ണിനും സഞ്ജു 12 റണ്ണിനും ബട്ലർ 13 റണ്ണിനും മടങ്ങിയപ്പോഴായിരുന്നു റിയാൻ പരാഗിൻ്റെ രക്ഷാപ്രവർത്തനം. കഴിഞ്ഞ കളിയിൽ ഒപ്പം നിന്ന അശ്വിനും 16 പന്തിൽ 16 റണ്ണെടുത്ത് പരാഗിന് പിന്തുണ നൽകി. 13 ആമത്തെ ഓവറിൽ അശ്വിൻ പുറത്തായെങ്കിലും പിന്നാലെ ഇറങ്ങിയ പുതുമുഖ താരം ശുംഭം ധൂമ്പെയെയും ഒപ്പംകൂട്ടി 27 പന്ത് ബാക്കി നിൽക്കെ റിയാൻ പരാഗ് രാജസ്ഥാനെ വിജയത്തിലെത്തിച്ചു. മൂന്നു സിക്സും അഞ്ചു ഫോറുമുൾപ്പടെ 39 പന്തിൽ നിന്നും 54 റണ്ണുമായി പുറത്താകാതെ നിന്ന റിയാൻ പാരാഗ് മൊത്തം 181 റണ്ണുമായാണ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 181 റണ്ണുള്ള വിരാട് കോഹ്ലിയെ മികച്ച സ്ട്രൈക്ക് റേറ്റിൽ മറികടന്നാണ് പരാഗ് ഓറഞ്ച് ക്യാപ്പണിഞ്ഞത്. നാല് ഓവറിൽ 22 റണ്ണിന് മൂന്നു വിക്കറ്റെടുത്ത ട്രെൻ്റ് ബോൾട്ടാണ് കളിയിലെ താരമായത്. ചൊവ്വാഴ്ച രാത്രി 7.30ന് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ആർസിബിയും ലക്നൗ സൂപ്പർ ജയൻ്റ്സും ഏറ്റുമുട്ടും. ഏപ്രിൽ ആറിനാണ് ആർസിബിയുമായുള്ള രാജസ്ഥാൻ്റെ മത്സരം. പോയിൻ്റുനിലയിൽ രാജസ്ഥാനുപിന്നിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് രണ്ടു കളിയിൽനിന്നും രണ്ടു ജയമുള്ള കൊൽക്കത്ത ക്നൈറ്റ് റൈഡേഴ്സ് ആണ്. മൂന്നു കളിയിൽ മൂന്നും തോറ്റ മുംബൈ ഏറ്റവും താഴെ പത്താം സ്ഥാനത്താണ്.

Share This News

0Shares
0