ഡൽഹിയെയും തകർത്ത് രാജസ്ഥാൻ്റെ ജൈത്രയാത്ര

Representative image തുടക്കത്തിലേ തോൽവി മുന്നിൽ കണ്ട മത്സരത്തിൽ അവിശ്വസനീയ തിരുച്ചുവരവിലൂടെ വിജയം കൈപ്പിടിയിലൊതുക്കി രാജസ്ഥാൻ റോയൽസ്. ബാറ്റിങ്ങിൽ റിയാൻ പരാഗിൻ്റെയും അശ്വിൻ്റെയും വെടിക്കെട്ടു പ്രകനം. ബൗളിങ്ങിലെയും ഫീൽഡിങ്ങിെലെയും ടീം പ്രകടനവും കൂടി ഒത്തുചേർന്നപ്പോൾ ഡൽഹി ക്യാപ്പിറ്റൽസിനെ 12 റൺസിന് എറിഞ്ഞിട്ടു രാജസ്ഥാൻ. ഇതോടെ തുടർച്ചയായ രണ്ടാം ജയവുമായി പോയിൻ്റു പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്സിന് പിന്നിൽ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു സഞ്ജുവും സംഘവും.

വ്യാഴാഴ്ച രാത്രി രാജസ്ഥാനിലെ സവായി മാൻസിങ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തകർച്ചയോടെയായിരുന്നു ആതിഥേയരുടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 7.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 36 റൺ എന്ന പരിതാപകരമായ നിലയിലായി. ആദ്യം ജെയ്സ്വാളും(7 പന്തിൽ 5 റൺ), പിന്നെ ക്യാപ്റ്റൻ സഞ്ജുവും(14 പന്തിൽ 15 റൺ), തുടർന്ന് ജോസ് ബട്ലറും(16 പന്തിൽ 11). പിന്നെ കണ്ടത് രാജസ്ഥാൻ്റെ രാജകീയമായ തിരിച്ചുവരവായിരുന്നു. ബാറ്റിങ് ക്രമത്തിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ അശ്വിനൊപ്പം ചേർന്ന് പതിയെ ഇന്നിങ്സ് കെട്ടിപ്പടുത്ത റിയാൻ പരാഗ് നില ഭദ്രമാക്കിയ ശേഷം രാജസ്ഥാൻ ബാറ്റിങ്ങിനെ ടോപ് ഗിയറിലേക്കിട്ടു. അറു സിക്സറുകളും എഴു ബൗണ്ടറികളുമായി ഡൽഹി ബൗളർമാരെ തച്ചുതകർത്തു. മൂന്നു മിന്നുന്ന സിക്സറുകളുമായി അശ്വിനും അപ്രതീക്ഷിത പ്രകടനം(19 പന്തിൽ 29 റൺ) കാഴ്ചവെച്ചു. മൂന്നു ബൗണ്ടറികളുമായി 12 പന്തിൽ 20 റണ്ണടിച്ച ധ്രൂവ് ജൂറലും രാജസ്ഥാൻ്റെ സ്കോറുയർത്തി. ഏഴു പന്തിൽ 14 റണ്ണുമായി ഷിമോൺ ഹെറ്റ്മെയറും 45 പന്തിൽ 84 റണ്ണുമായി റിയാൻ പരാഗും പുറത്താകാതെ നിന്നപ്പോൾ രാജസ്ഥാൻ സ്കോർ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 185 റണ്ണിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ഓപ്പണർമാരായ ഡേവിഡ് വാർണറും (34 പന്തിൽ 49), മിച്ചൽ മാർഷലും (12 പന്തിൽ 23) മികച്ച തുടക്കമാണ് നൽകിയത്. വൺ ഡൗണായി ഇറങ്ങിയ റിച്ചി ഭുയി പൂജ്യത്തിന് പുറത്തായതും റൺ നിരക്ക് ഉയർത്താനാവാതെ 26 പന്തിൽ 28 റൺ എടുത്ത് ക്യപ്റ്റൻ ഋഷഭ് പന്ത് പുറത്തായതും ഡൽഹിയെ പ്രതിരോധത്തിലാക്കി. 23 പന്തിൽ 44 റണ്ണുമായി പുറത്താകാതെ നിന്ന ഭക്ഷിണാഫ്രിക്കൻ യുവതാരം ട്രിസ്റ്റൻ സ്റ്റബ്സ് ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും സഞ്ജുവും സംഘവും കളി തിരികെപ്പിടിച്ചു. അവസാന ഓവറിൽ 17 റൺ വിജയലക്ഷ്യമുണ്ടായിരുന്ന ഡൽഹിക്ക് നാലു റൺ എടുക്കാനേ കഴിഞ്ഞുള്ളൂ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 173 റണ്ണിന് ഡൽഹി സ്കോർ അവസാനിച്ചു. ആവേശ് ഖാനാണ് അവസാന ഓവർ എറിഞ്ഞത്. യൂസ്വേന്ദ്ര ചഹലും നാന്ദ്രെ ബർഗറും രണ്ടു വിക്കറ്റു വീതവും ആവശ് ഖാൻ ഒരു വിക്കറ്റും നേടി. റിയാൻ പരാഗാണ് മാൻ ഓഫ് ദി മാച്ച്. ആദ്യ കളിയിൽ കിങ്സ് ഇലവൺ പഞ്ചാബിനോട് നാലു വിക്കറ്റിന് പരാജയപ്പെട്ടിരുന്ന ഡൽഹി ക്യാപ്പിറ്റൽസ് തുടർച്ചയായ രണ്ടാം തോൽവിയോടെ പോയിൻ്റു പട്ടികയിൽ എട്ടാമതായി. വെള്ളിയാഴ്ച ബെംഗളൂരുവിൽ രാത്രി 7.30 ന് ആരംഭിക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊൽക്കത്ത ക്നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും.

Share This News

0Shares
0