ബിജെപി ഉയർത്തിവിട്ട മദ്യനയ അഴിമതി ആരോപണ കേസിൽ ഇ ഡി അറസ്റ്റു ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി നാലു ദിവസത്തേക്കുകൂടി നീട്ടി. കെജ്രിവാൾ ഏപ്രിൽ ഒന്നു വരെ ഇ ഡി കസ്റ്റഡിയിൽ തുടരും. ഡെൽഹി ഹൈക്കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി നൽകിയത്. നേരത്തെ എഴുദിവസമാണ് ഇ ഡി കസ്റ്റഡി ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് കെജ്രിവാളിനെ ഇ ഡി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു.. എന്നാൽ കെജ്രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും വിവിധ രേഖകൾ ഇനിയും പരിശോധിച്ചു കഴിഞ്ഞിട്ടില്ലെന്നും വ്യാഴാഴ്ച ഇഡി കോടതിയിൽ വാദിച്ചതിനേത്തുടർന്നായിരുന്നു ഏപ്രിൽ ഒന്നു വരെ കസ്റ്റഡി കാലാവധി നീട്ടി നൽകിയത്. ഇഡി യുടെ കസ്റ്റഡിയിൽ തുടരുന്നതിൽ എതിർപ്പില്ലെന്ന് കെജ്രിവാളും കോടതിയിൽ നിലപാടറിയിച്ചിരുന്നു. അതേസമയം ഇഡി കസ്റ്റഡിയിലിരുന്നും ഡൽഹിയുടെ ഭരണം കെജ്രിവാൾ തുടരുന്നതിൽ ബിജെപി പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്നെങ്കിലും വിജയിച്ചില്ല. അറസ്റ്റിലൂടെ കെജ്രിവാളിൻ്റെ രാജിയായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. ഇതുണ്ടായില്ലെന്നു മാത്രമല്ല ഇഡി കസ്റ്റഡിയിലിരുന്നും കെജ്രിവാൾ ഉത്തരവുകളിറക്കി.