പെരുമ്പാവൂരിൽ ബംഗാളി ദീദി ഹെറോയിനുമായി പിടിയിലായി. പെരുമ്പാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനി, 36 വയസ്സുള്ള സുലേഖാ ബീവി അറസ്റ്റിലായത്. ഇവരിൽ നിന്ന് 16.638 ഗ്രാം ഹെറോയിൻ പിടികൂടി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബംഗാളി ദീദി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ സ്വന്തം നാട്ടിൽ നിന്ന് ഹെറോയിൻ കൊണ്ടുവന്നു കേരളത്തിൽ വില്പന നടത്തിയിരുന്നു. കണ്ടംതറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിൻ്റെ മറവിലാണ് ഹെറോയിൻ വില്പന നടത്തിവന്നിരുന്നത്.
പെരുമ്പാവൂർ റേഞ്ച് പാർട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂർ റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ ഓപ്പറേഷന് നേതൃത്വം നൽകി. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പക്ടർ ഗ്രേഡ് ബിജു പി കെ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ബാലു എസ്, സിഇഒ അരുൺ കുമാർ, ഡബ്ല്യുസിദ രേഷ്മ എ എസ് എന്നിവർ സംഘത്തിൽ പങ്കെടുത്തു. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു ജയിലിലടച്ചു.