എലക്ട്രൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇഡി ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുക എന്നതാണ് നടക്കുന്നത്. പണം വാങ്ങിയത് മൂടിവയ്ക്കപ്പെടുമെന്നായിരുന്നു ബിജെപിയുടെ ധാരണ. കാര്യങ്ങളൊക്കെ പുറത്തുവന്നപ്പോൾ നിരവധിപേർ ബോണ്ട് നൽകിയതായി തെളിഞ്ഞു. സാന്റിയാഗോ മാർട്ടിൻ, എംആർഎഫ് ഉൾപ്പെടെ നിരവധി പേരുടെ കയ്യിൽ നിന്ന് ബോണ്ട് വാങ്ങിയിട്ടുണ്ട്.
പ്രളയസമയത്ത് ഓട്ടോറിക്ഷയ്ക്ക് കൊടുക്കാനായി 70 രൂപ പിരിച്ചു എന്നു പറഞ്ഞ് മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ പാർടി മെമ്പറായ ഓമനക്കുട്ടനെ തേജോവധം ചെയ്തു. എന്നാൽ ഇലക്ടറൽ ബോണ്ടെന്ന പേരിൽ കോടിക്കണക്കിന് രൂപ ശേഖരിച്ചതിനെതിരെ ഒന്നും പറയുന്നില്ല. 8251 കോടിയാണ് ബിജെപിക്ക് ഇങ്ങനെ ലഭിച്ചത്. ഇതിനെപ്പറ്റി യാതൊരു വാർത്തയും സജീവമായി വന്നിട്ടില്ല. 1952 കോടിയാണ് കോൺഗ്രസിന് ലഭിച്ചത്. എന്നിട്ടാണ് ഇപ്പോൾ ടിക്കറ്റെടുക്കാൻ പോലും കാശില്ല എന്ന് പറയുന്നത്. കോൺഗ്രസിന്റെ പ്രമുഖ വക്താക്കൾ തന്നെ ബിജെപിക്ക് 170 കോടി രൂപ ബോണ്ടായി നൽകി. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാട് സ്വീകരിച്ച പാർടികൾ ഇടതുപക്ഷ പാർടികളാണ്. അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഏക പാർടിയും സിപിഐ എം ആണ്. അങ്ങനെ റിപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഭൂരിഭാഗം മാധ്യമങ്ങളും ഈ വിഷയത്തെ പ്രാധാന്യത്തോടെ സ്വീകരിക്കാത്തത്. കെജ്രിവാളിന്റെ അറസ്റ്റാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന മറ്റൊരു പ്രശ്നം. സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ അമേരിക്കയും ജർമനിയുമുൾപ്പെടെ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതികരിച്ചു. ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുകയാണ് ഇഡി. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്. ബാക്കി പണം എവിടെ പോയി. ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.