അടിയോടടി. മുംബൈ ഇന്ത്യൻസ് ബൗളർമാരെ പഞ്ഞിക്കിട്ട് സൺ റൈസേഴ്സ് ഹൈദരാബാദ്. മൂന്നു വിക്കറ്റുമാത്രം നഷ്ടത്തിൽ 277 റൺ എന്ന ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് റൺ കുറിച്ചാണ് ഹൈദരാബാദ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ടോസ് ലഭിച്ച മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ട്രാവിസ് ഹെഡ്ഡിൻ്റെയും അഭിഷേക് ശർമ്മയുടെയും എയ്ഡൻ മാർക്രത്തിൻ്റെയും ഹെൻറിച്ച് ക്ലാസൻ്റെയും ബാറ്റിൽ നിന്നും സിക്സറുകളും ബൗണ്ടറികളും തലങ്ങും വിലങ്ങും പറന്നപ്പോൾ മുംബൈ ഫീൽഡർമാർക്ക് കാഴ്ചക്കാരുടെ റോളായിരുന്നു. മഫാകയും പാണ്ഡ്യയും കോറ്റ്സീയും ചൗളയും മുലാനിയും ഹൈദരാബാദ് ബാറ്റർമാർക്കു മുന്നിൽ അടിയറവു പറഞ്ഞു.. നാല് ഓവറിൽ ബുംറയും വഴങ്ങി 36 റൺ. ഓപ്പണർ ട്രാവിസ് ഹെഡ് ആണ് അടിക്ക് തുടക്കമിട്ടത്. സഹ ഓപ്പണർ മായങ്ക് അഗൾവാളിനെ (11) നഷ്ടമായെങ്കിലും തുടർന്നിറങ്ങിയ അഭിഷേക് ശർമ്മയുമായി ചേർന്ന് ട്രാവിസ് ഹെഡ് ഹൈദരാബാദ് സ്കോർ മിന്നൽവേഗത്തിലുയർത്തി.
ഐപിഎൻ ചരിത്രത്തിൽ ഹൈദരാബാദിൻ്റെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി നേടിയ (18 പന്തിൽ 50) ട്രാവിസ് ഹെഡ് 24 പന്തിൽ 62 റൺ അടിച്ചാണ് പുറത്തായത്. തൊട്ടുപിന്നാലെ 16 പന്തിൽ 50 കടന്ന അഭിഷേക് ശർമ്മ ട്രാവിസ് ഹെഡ്ഡിൻ്റെ റെക്കോർഡ് തിരുത്തിയെഴുതുന്നതിനും ഹൈദരാബാദിലെ രാജീവ്ഗാന്ധി സ്റ്റേഡിയം സാക്ഷിയായി. 23 പന്തിൽ 63 റണ്ണടിച്ചാണ് അഭിഷേക് ശർമ്മ മടങ്ങിയത്. മാർക്രം 28 പന്തിൽ നിന്ന് 42 ഉം ക്ലാസൻ 34 പന്തിൽ 80 ഉം രണ്ണടിച്ച് പുറത്താകാതെ നിന്നു. അഭിഷേക് ശർമ്മയും ക്ലാസനും ഏഴു വീതം സിക്സറുകൾ പറത്തി. ട്രാവിസ് ഹെസ്സിൻ്റെ ബാറ്റിൽ നിന്നും ഒമ്പതു ഫോറും മൂന്നു സിക്സറും പിറന്നപ്പോൾ മാർക്രത്തിൻ്റെ വക രണ്ടു ഫോറും ഒരു സിക്സറും പറന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയും വെടിക്കെട്ട് പ്രകടനം പുറത്തെടുത്തെങ്കിലും ഹൈദരാബാദിൻ്റെ റൺമല മറികടക്കാനായില്ല. 31 റൺ അകലെ, 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 246 റണ്ണിന് മുംബൈ ഇന്നിങ്സ് അവസാനിച്ചു. അഭിഷേക് ശർമ്മയാണ് മാൻ ഓഫ് ദി മാച്ച്. കൊൽക്കത്തക്കെതിരായ മത്സരത്തിൽ എട്ടു സിക്സറുകൾ പറത്തി 29 പന്തിൽ നിന്നും 63 റണ്ണടിച്ചിരുന്ന ക്ലാസൻ രണ്ടു കളിയിൽ നിന്നായി 143 റണ്ണടിച്ച് ഓറഞ്ച് ക്യാപ്പിനുടമയായി.