ടൈറ്റൻസിനെ നിഷ്പ്രഭരാക്കി ചൈന്നൈ സൂപ്പർ കിങ്സ്, മുംബൈ-ഹൈദരാബാദ് പോരാട്ടം ഇന്ന്

Representative image ഐപിഎല്ലിൽ ചൊവ്വാഴ്ച ചെന്നൈയിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 63 റണ്ണിന് കീഴടക്കി ചെന്നൈ സൂപ്പർ കിങ്സ് ജേതാക്കളായി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റൻസിനെ കടന്നാക്രമിച്ചുകൊണ്ടുള്ള ബാറ്റിങ് പ്രകടനമാണ് ചെന്നൈ നടത്തിയത്. ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്രയായിരുന്നു ആക്രമണത്തിന് തുടക്കമിട്ടത്. 20 പന്തിൽ 46 റണ്ണടിച്ച രചിൻ രവീന്ദ്രയുടെ ബാറ്റിൽ നിന്നും മൂന്നു സിക്സറുകളും ആറു ബൗണ്ടറിയും പിറന്നു. ഒരു സിക്സും അഞ്ചു ബൗണ്ടറിയുമുൾപ്പടെ 36 പന്തിൽ നിന്നും 46 റണ്ണുമായി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും ചൈന്നൈയെ പവർ പ്ലെയിൽ ടോപ് ഗിയറിലിട്ടു. തുടർന്നിറങ്ങിയ അജിൻക്യ രഹാന 12 പന്തിൽ 12 റണ്ണുമായി പുറത്തായെങ്കിലും അഞ്ചു സിക്സറുകളും രണ്ടു ബൗണ്ടറിയും പറത്തി ശിവം ദൂബെ ചെന്നൈക്ക് അപരാജിത കുതിപ്പു നൽകി. 23 പന്തിൽ 51 റണ്ണടിച്ചാണ് ഭൂബെ പുറത്തായത്. 20 പന്തിൽ 24 റണ്ണെടുത്ത ഡാരിൽ മിച്ചലും 6 പന്തിൽ 14 റണ്ണുമായി സമീർ റീസ് വിയും ചൈന്നെയുടെ സ്കോറുയർത്തി. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 206 റണ്ണാണ് ചെന്നൈ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ ബൗളർമാർക്കു മുന്നിൽ തുടക്കത്തിലേതന്നെ പരുങ്ങി. പവർ പ്ലെയിൽ കാര്യമായി ഒന്നും ചെയ്യാനാവാതെ ഓപ്പണർമാരായ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (5 പന്തിൽ 8 റൺ), വൃദ്ധിമാൻ സാഹയും (17 പന്തിൽ 21 റൺ) മടങ്ങി. മുംബൈ ഇന്ത്യൻസിനെതിരെയുള്ള വിജയത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം നടത്തിയ സായി സുധർശൻ 31 പന്തിൽ 37 റണ്ണടിച്ചതൊഴിച്ചാൽ മറ്റു ബാറ്റർമാർക്കൊന്നും മാന്യമായ റൺ കണ്ടെത്താൻപോലുമായില്ല. ടൈറ്റൻസിൻ്റെ പ്രതീക്ഷയായിരുന്ന വെടിക്കെട്ട് ബാറ്റർ ഡേവിഡ് മില്ലർ 16 പന്തിൽ 21 റണ്ണിച്ച് പുറത്തായി. വിജയപ്രതീക്ഷ നഷ്ടപ്പെട്ട ടൈറ്റൻസ് അവസാന ഓവറുകളിൽ പോയിൻ്റു നിലയിൽ മോശമാകാതിരിക്കാൻ റൺറേറ്റ് ഉയർത്തലിന് ശ്രമിച്ചെങ്കിലും അതിലും വിജയിച്ചില്ല. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റണ്ണെടുക്കാനേ ടൈറ്റൻസിന് കഴിഞ്ഞുള്ളൂ. ചെന്നൈയുടെ ശിവം ദൂബെയാണ് കളിയിലെ താരമായത്. രണ്ടു കളിയിലും മികച്ച വിജയം നേടിയതോടെ ചെന്നൈ മികച്ച റൺ റേറ്റടക്കം കൈവരിച്ച് പോയിൻ്റു നിലയിയിൽ ഒന്നാമതെത്തി. വ്യാഴാഴ്ച വൈകിട്ട് 7.30 ന് ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇരുടീമുകളും ആദ്യ മത്സരം തോറ്റാണ് രണ്ടാം മത്സരത്തിൻ ഏറ്റുമുട്ടുന്നത്. കൊൽക്കത്ത ക്നൈറ്റ് റൈഡേഴ്സിനോടായിരുന്നു സൺ റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെട്ടത്.

Share This News

0Shares
0