വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി വിരാട് കോഹ്ലി. തിങ്കളാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11 ഫോറും രണ്ടു സിക്സറുകളും പറത്തി 49 പന്തിൽ 77 റണ്ണടിച്ച കോഹ്ലിയുടെ കരുത്തിലാണ് പഞ്ചാബ് കിങ്സിനെ ആർസിബി തകർത്തുവിട്ടത്. 2024 ലെ ട്വൻ്റി-ട്വൻ്റി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് കോഹ്ലിക്കു പകരം യുവതാരങ്ങളെ കണ്ടെത്തണമെന്ന വിലയിരുത്തലുകൾ ഉയരുന്നതിനിടെയാണ് വീണ്ടും കോഹ്ലിയുടെ ക്ലാസിക് വെടിക്കെട്ട്. തുടക്കത്തിൽ ഒരു ക്യാച്ചിൽ നിന്നും രക്ഷപെട്ടെങ്കിലും ആദ്യ ഓവറിൽ നാലു ഫോറുമായാണ് കോഹ്ലി തൻ്റെ ക്ലാസ് ഇന്നിങ്സിന് തുടക്കമിട്ടത്. ഒരറ്റത്ത് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും കോഹ്ലിയുടെ ബാറ്റിൽ നിന്നും ബൗണ്ടറികൾ അനായാസം ഒഴുകി. ഹർഷൽ പട്ടേലിൻ്റെ പന്തിൽ ഹർപ്രീത് ബ്രാറിൻ്റെ അവിസ്മരണീയമായൊരു ക്യാച്ചിൽ പുറത്താകുന്നതുവരെ കോഹ്ലി ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആരാധകരെ ആവേശത്തിലാറാടിച്ചു. കോഹ്ലി പുറത്തായതോടെ സ്റ്റേഡിയം നിശബ്ദമായെങ്കിലും ഇംപാക്ട് പ്ലയറായി ഇറങ്ങിയ മഹിപാൽ ലോംറോറും (8 പന്തിൽ 17 റൺ), ദിനേശ് കാർത്തിക്കും 10 പന്തിൽ 28 റൺ) ചേർന്ന് ആർസിബിയുടെ ജയം ഉറപ്പിച്ചു. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റണ്ണായിരുന്നു പഞ്ചാബ് അടിച്ചത്. അവസാന ഓവറിൽ നാലു പന്ത് അവശേഷിക്കെ ആർസിബി നാലു വിക്കറ്റിൻ്റെ വിജയം നേടി. കോഹ്ലിയാണ് കളിയിലെ താരമായത്.