മുംബൈക്ക് നിരാശത്തുടക്കം; ഹാർദ്ദിക്കിനും, എറിഞ്ഞിട്ടത് ഗില്ലിൻ്റെ ടൈറ്റൻസ്

Representative image രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായിറക്കിയ മുംബൈ ഇന്ത്യൻസിന് നിരാശയോടെ തുടക്കം. ഹാർദ്ദിക് ക്യാപ്റ്റനായിരുന്ന ഗുജറാത്ത് ടൈറ്റൻസാണ് ഇത്തവണ യുവതാരം ശുഭ്മാൻ ഗില്ലിൻ്റെ നായകത്വത്തിലിറങ്ങി മുംബൈയെ തകർത്തുവിട്ടത്. ഞായറാഴ്ച ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ആറു റണ്ണിനാണ് ഗില്ലിൻ്റെയും സംഘത്തിൻ്റെയും വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 6 വിക്കറ്റ് നഷ്ടത്തിൽ 168 റണ്ണിൽ ഒതുങ്ങി. 39 പന്തിൽ 45 റൺ നേടിയ സായി സുധർശനനും 22 പന്തിൽ 31 റൺ നേടിയ ഗില്ലുമാണ് ടൈറ്റൻസിൻ്റെ പ്രധാന സ്കോറർമാരായത്. നാല് ഓവറിൽ 14 റൺ മാത്രം വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് മുംബൈ ബൗളിങ്ങിൻ്റെ കുന്തമുനയായത്.

169 റൺ വിജയലക്ഷ്യവുമായിറങ്ങിയ മുംബെക്ക് 30 റൺ എടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ ഇഷാൻ കിഷൻ പൂജ്യത്തിന് പുറത്തായി. 38 പന്തിൽ 46 റണ്ണടിച്ച ഡെവാൾസ് ബ്രെവിസും 29 പന്തിൽ 43 റണ്ണടിച്ച രോഹിത് ശർമ്മയും മുംബൈ സ്കോറുയർത്തിയെങ്കിലും ഇരുവരും പുറത്തായതോടെ ടൈറ്റൻസ് കളി ടൈറ്റാക്കി. അവസാന ഓവറിൽ ഒരു സിക്സും ഒരു ഫോറും അടിച്ച് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ ചെറിയ പ്രതീക്ഷ നൽകിയെങ്കിലും ടൈറ്റൻസ് വീണ്ടും വരിഞ്ഞുമുറുക്കിയതോടെ 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺ എടുക്കാനേ മുംബൈക്ക് കഴിഞ്ഞുള്ളൂ. അവസാന ഓവർ എറിഞ്ഞ ഉമേഷ് യാദവ് ഹാർദ്ദിക്കിൻ്റെയും തുടർന്നിറങ്ങിയ പീയുഷ് ചൗളയുടെയും വിക്കറ്റെടുത്തു. സായി സുധർശൻ കളിയിലെ താരമായി.

Share This News

0Shares
0