ഐപിഎല്ലിൽ ഈ സീസണിൽ തുടക്കം ഗംഭീരമാക്കി സഞ്ജു സാംസൺ. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ രാജസ്താൻ റോയൽസ് ക്യാപ്റ്റൻ 52 പന്തിൽ 82 റൺ നോട്ടുമായി ടോപ് സ്കോററായി. ഞായറാഴ്ച രാജസ്ഥാൻ്റ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആറു സിക്സറും മൂന്നു ഫോറുമാവായാണ് മലയാളിതാരത്തിൻ്റെ വെടിക്കെട്ട് ഇന്നിങ്സ്. 12 പന്തിൽ 24 റണ്ണുമായി ജെയ്സ്വാളും ഒമ്പതു പന്തിൽ 11 റണ്ണുമായി ബട്ലറും മടങ്ങിയപ്പോൾ രാജസ്താൻ പ്രതിരോധത്തിലായി. എന്നാൽ വൺ ഡൗണായി ഇറങ്ങിയ സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്താതെ കരുതലോടെ ഇന്നിങ്ങ്സ് കെട്ടിപ്പടുക്കുകയായിരുന്നു. 29 പന്തിൽ 43 റണ്ണുമായി റിയാൻ പരാഗും ക്യാപ്റ്റനു പിന്തുണ നൽകിയപ്പോൾ രാജസ്താൻ മികച്ച നിലയിലായി. ഏഴു പന്തിൽ അഞ്ചു റൺ മാത്രം നേടിയ ഹെറ്റ്മെയർ നിരാശപ്പെടുത്തിയെങ്കിലും തുടർന്നിറങ്ങിയ ധ്രുവ് ജൂറൽ 12 പന്തിൽ 20 റണ്ണുമായി പുറത്താകാതെ നിന്നു. സഞ്ജുവും ജൂറലും ചേർന്ന് രാജസ്താൻ സ്കോർ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ 193 റണ്ണിലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ സൂപ്പർ ജയൻ്റ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റണ്ണിൽ ഒതുങ്ങി. സഞ്ജുവാണ് കളിയിലെ താരമായത്.