2024ലെ ഐപിഎൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ചെന്നൈയിൽ തുടക്കമാകും. ആദ്യ മത്സരത്തിൽ രാത്രി എട്ടിന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിതന്നെയാണ് ഇത്തവണയും ചെന്നൈ ടീമിനെ നയിക്കുന്നത്. സൗത്ത് ആഫ്രിക്കൻ പവർ ഹിറ്റർ ഫാബ് ഡൂപ്ലസി നയിക്കുന്ന ബെംഗളൂരു ടീമിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അടക്കമുള്ള വൻ താരനിരയുണ്ട്. വനിതാ പ്രീമിയർ ലീഗിൽ ബെംഗളൂരു കിരീടം നേടിയെങ്കിലും ഐപിഎല്ലിൽ കിരീട നേട്ടം ബെംഗളൂരുവിൻ്റെ സ്വപ്നമായി തുടരുകയാണ്. അതേസമയം, അഞ്ചു കിരീട നേട്ടവുമായി മുംബൈ ഇന്ത്യൻസിനൊപ്പമെത്തിയിട്ടുള്ള ചൈന്നെ അതിനെ മറികടക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് ഇറങ്ങുന്നത്. പത്ത് ടീമുകൾ പത്ത് നഗരങ്ങളിലായി ഏറ്റുമുട്ടുന്ന ചാമ്പ്യൻഷിപ്പിൻ്റെ 21 മത്സരങ്ങളുള്ള ആദ്യ രണ്ടാഴ്ചത്തെ ഷെഡ്യൂളാണ് പുറത്തുവിട്ടിട്ടുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പു കണക്കിലെടുത്താണിത്. തുടർന്നുള്ള മത്സര ഷെഡ്യൂൾ പിന്നീട് പുറത്തിറക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. രാത്രിയുള്ള മത്സരങ്ങൾ 7.30നും പകലുള്ള മത്സരക്കൾ ഉച്ചകഴിഞ്ഞ് 3.30നുമാണ് ആരംഭിക്കുക. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ആപ്പിലും മത്സരങ്ങളുടെ ലൈവ് ഉണ്ട്.