പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ആറു ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി

Representative image പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും 12.50 കിലോ കഞ്ചാവ് കണ്ടെത്തി. റെയിൽവേ സംരക്ഷണ സേനയുടെ പാലക്കാട് കുറ്റാന്വേഷണ വിഭാഗവും, പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സംയുക്ത പരിശോധന നടത്തിവരുന്നതിനിടയിൽ സ്റ്റേഷന്റെ മൂന്നാം നമ്പർ പ്ലാറ്റഫോമിലുള്ള യാത്രക്കാരുടെ ഇരിപ്പിടത്തിനടിയിലായി സംശയാസ്പദമായ രീതിയിൽ കണ്ട ഉടമസ്ഥനില്ലാത്ത ഒരു ബാഗിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് പാലക്കാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ കഞ്ചാവ് കണ്ടു കെട്ടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കണ്ടുകെട്ടിയ കഞ്ചാവിന് വിപണിയിൽ 6 ലക്ഷത്തിലധികം രൂപ വില വരും. കഞ്ചാവ് കൊണ്ടുവന്നവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് ആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു.

ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് സർക്കിൾ ഇൻസ്പെക്ടർ എൻ.കേശവദാസ്, പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ എ.ജിജി പോൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം എസ്ഐമാരായ എ.പി.അജിത്ത് അശോക്, പി.ടി.ബാലസുബ്രമണ്യൻ, ഹെഡ്കോൺസ്റ്റബിൾ എൻ.അശോക്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അജിത്ത്‌കുമാർ.പി,സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻസൺ ജോർജ്, ശരവണൻ.പി എന്നിവരാണുണ്ടായിരുന്നത്.

Share This News

0Shares
0