രാമക്ഷേത്രം ഉദ്ഘാടന ചടങ്ങ്: മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നതിനാലാണ് പങ്കെടുക്കാത്തതെന്ന് സിപിഐ എം

മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നതിനാലും, അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറരുതെന്നതിനാലും അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പാർട്ടി ജനറൽ സെനട്ടറി പങ്കെടുക്കില്ലെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. പ്രസ്താവനയുടെ പൂർണരൂപം ഇങ്ങനെ:

“അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐ എം നയം. മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറരുത്. അതിനാൽ ഞങ്ങൾ ചടങ്ങിൽ പങ്കെടുക്കില്ല.

ഒരു മതപരമായ ചടങ്ങിനെ ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കുന്ന സ്റ്റേറ്റ് സ്പോൺസേർഡ് പരിപാടിയാക്കി മാറ്റിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഇന്ത്യയുടെ ഭരണഘടന പ്രകാരം ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാൻ പാടില്ല എന്നതാണ് ഒരു അടിസ്ഥാന തത്വം. സുപ്രീം കോടതി ആവർത്തിച്ചിട്ടുള്ള ഈ നിലപാട് ക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിലൂടെ ഭരണകക്ഷി ലംഘിക്കുകയാണ്.”

Share This News

0Shares
0