ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണ് സെഞ്ച്വറി. മൂന്ന് സിക്സറുകളും ആറു ഫോറുമുൾപ്പടെ 114 പന്തിൽ നിന്നും 108 റണ്ണടിച്ചാണ് സഞ്ജു തൻ്റെ കന്നി സെഞ്ച്വറി നേട്ടം അവിസ്മരണീയമാക്കിയത്. ഏകദിനത്തിൽ മൂന്നു അർദ്ധ സെഞ്ച്വറിയായിരുന്നു ഇതിനു മുമ്പ് സഞ്ജുവിന് എടുത്തു പറയാനുണ്ടായിരുന്നത്. സെഞ്ച്വറി നേട്ടത്തോടെ സഞ്ജു ടീമിൽ ഇടം ഉറപ്പിച്ചുവെന്നു പറയാം. മൂന്നാമനായി ഇറങ്ങി ടീമിൻ്റെ നെടുംതൂണായി നിന്ന സഞ്ജുവിൻ്റെ ബാറ്റിങ് കരുത്തിൽ ആതിഥേയർക്കെതിരെ ഇന്ത്യ എട്ടു വിയറ്റ് നഷ്ടത്തിൽ 296 റണ്ണടിച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയച്ച് ബൗളിങ്ങിലൂടെ വരിഞ്ഞുമുറുക്കാൻ ശ്രമിച്ചെങ്കിലും സഞ്ജു ഒരറ്റത്ത് നങ്കൂരമിട്ടു നിന്നതോടെ ഇന്ത്യ പോരാടാനുള്ള സ്കോറിലേക്ക് എത്തുകയായിരുന്നു. സഞ്ജുവിനൊപ്പം ആദ്യം നിലയുറപ്പിച്ച ക്യാപ്റ്റൻ കെ എൽ രാഹുൽ 35 പന്തിൽ 21 റണ്ണെടുത്തു പുറത്തായെങ്കിലും 77 പന്തിൽ 52 റണ്ണെടുത്ത തിലക് വർമ്മയും 27 പന്തിൽ 38 റണ്ണടിച്ച റിങ്കു സിങ്ങും ഇന്ത്യയുടെ സ്കോറുയർത്താൻ സഹായിച്ചു. വാഷിങ്ടൺ സുന്ദർ ഒമ്പതു പന്തിൽ 14 റണ്ണും അടിച്ചു. ഗെയ്ക് വാദിനു പകരം സായി സുദർശനൊപ്പം രജദ് പട്ടിദാറാണ് ഓപ്പണിങ്ങിനിറങ്ങിയത്. 16 പന്തിൽ 22 റണ്ണായിരുന്നു രജദ് പട്ടീദാറിൻ്റെ സംഭാവന. ആദ്യ രണ്ടു കളിയിലും അർദ്ധ സെഞ്ച്വറി നേടിയ സായി സുദർശൻ ഇത്തവണ 16 പന്തിൽ 10 റണ്ണെടുത്തു പുറത്തായി. ദക്ഷിണാഫ്രിക്കക്കു വേണ്ടി ബ്യൂറൻ ഹെൻട്രിക്സ് മൂന്നും ബർഗർ രണ്ടും വിക്കറ്റെടുത്തു. കേശവ് മഹാരാജും മൾഡറും വില്യംസും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.