കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാൻ കോൺഗ്രസിൻ്റെ ആസൂത്രിത നീക്കമുണ്ടെന്ന് മന്ത്രിമാരായ വി ശിവൻകുട്ടിയും ആൻ്റണി രാജുവും സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് മുഖ്യ സൂത്രധാരൻ. യൂത്ത് കോൺഗ്രസ് സമരത്തിൻ്റെ മറവിൽ ക്രിമിനലുകളെ തെരുവുകളിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ് കോൺഗ്രസ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതൽ നശിപ്പിച്ചതിലൂടെ പൊതുഖജനാവിന് ഉണ്ടായിരിക്കുന്നത്.
നവകേരള സദസ്സിൻ്റെ വൻവിജയം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണ്. അതാണ് നവകേരള സദസ്സിൻ്റെ സമാപന ദിവസത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് അക്രമം അഴിച്ചു വിടാൻ കാരണം. അക്രമ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ നേതാവ് തന്നെ നേതൃത്വം നൽകുന്നത് കേരള ചരിത്രത്തിൽ ആദ്യ സംഭവമാണ്. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിപക്ഷ നേതാവും ഉത്തരവാദിയാണ്.
തിരുവനന്തപുരം നഗരത്തിലെ നവകേരള സദസ്സിൻ്റെ പ്രചാരണ ബോർഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇതിലൂടെയും വ്യാപക നഷ്ടം ഉണ്ടായിട്ടുണ്ട് . അക്രമ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ തിരിച്ചടിയുടെ ഭവിഷ്യത്തുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് തയ്യാറാവേണ്ടി വരുമെന്നും മന്ത്രിമാർ വ്യക്തമാക്കി.