ലോക പട്ടിണി സൂചികയില്‍ ഇന്ത്യ 111 ആം സ്ഥാനത്ത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ് ഇന്ത്യ നിൽക്കുന്നത്. കഴിഞ്ഞ വര്‍ഷം 107 ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാല് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി. 2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളില്‍ ഇന്ത്യ 111 ആം സ്ഥാനത്താണെന്ന കണക്ക്. പാക്കിസ്ഥാന് (102), ബംഗ്ലദേശ് (81), നേപ്പാള്‍ (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം. ശിശുക്കളുടെ പോഷകാഹാരക്കുറവും ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. 18.7 ശതമാനം. ശിശു മരണനിരക്ക് 3.1 ശതമാനമാണ്. 15നും 24നും ഇടയിലുള്ള 58.1 ശതമാനം പെണ്‍കുട്ടികള്‍ക്ക് ശരിയായ പോഷണം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഭക്ഷണത്തിന്റെ അപര്യാപ്തത, കുട്ടികളുടെ പോഷകാഹാര നിലവാരത്തിലെ കുറവുകള്‍, ശിശുമരണ നിരക്ക് എന്നിവ മാനദണ്ഡമാക്കിയാണ് ഏഴ് യൂറോപ്യന്‍ സര്‍ക്കാരിതര സംഘടനകളുടെ ശൃംഖലയായ ‘അലയന്‍സ് 2015’ പട്ടിക പുറത്തിറക്കിയത്. സെപ്തംബറില്‍ പുറത്തുവന്ന മനുഷ്യവികസന സൂചികയിലും ഇന്ത്യയുടെ സ്ഥാനം മോശമായിരുന്നു.