മുഖ്യമന്ത്രിക്കസേര ഇളകുമോ? കേസിൻ്റെ നിലനിൽപ്പ് വീണ്ടും പരിശോധിക്കാനാവില്ല; ദുരിതാശ്വാസ നിധി കേസിൽ ലോകായുക്ത ഫുൾ ബെഞ്ച് 7ന് വാദം കേൾക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച ലോകായുക്തയുടെ മൂന്ന് അംഗ ഫുൾബഞ്ച് ഓഗസ്റ്റ് 7നു വാദം കേൾക്കുമ്പോൾ കേസിന്റെ നിലനിൽപ്പ്(മെയിന്റനബിലിറ്റി) വീണ്ടും പരിശോധിക്കാനാവില്ല. കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് 2019ൽ തന്നെ ലോകായുക്തയുടെ മൂന്ന് അംഗ
ബഞ്ച് തീർപ്പ് കൽപ്പിച്ച സാഹചര്യത്തിൽ പ്രസ്തുത വിഷയം വീണ്ടും മൂന്ന് അംഗ ബഞ്ചിന്റെ പരിഗണയ്ക്ക് വിട്ട ലോകായുക്ത വിധി ചോദ്യം ചെയ്ത് ഹർജ്ജിക്കാരനായ ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലോകായുക്തയിലുള്ള കേസിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം, കേരള ലോകായുക്ത നിയമം വകുപ്പ് 12 പ്രകാരം, ഉത്തരവ് കൈക്കൊള്ളുന്നത് സംബന്ധിച്ച് ന്യായാധിപർ തമ്മിൽ വ്യത്യസ്ത അഭിപ്രായമുണ്ടായാൽ വീണ്ടും മൂന്നംഗ ഫുൾ ബഞ്ചിന് വിടുന്നതിൽ അപാകത ഇല്ലെന്ന നിരീക്ഷണമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയത്. ഇതേത്തുടർന്നായിരുന്നു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ശശികുമാറിൻ്റെ ഹർജി തള്ളിയത്. ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്ത ജസ്റ്റിസ് ഹാരുൺ- ഉൽ- റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരടുങ്ങുന്ന മൂന്നംഗ ഫുൾ ബഞ്ചാണ് ഈ മാസം ഏഴിന് വാദം കേൾക്കുന്നത്.

കേസിൻ്റ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന നിലപാടാണ് നേരത്തെ ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് എടുത്തത്. ഇത് മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസകരമായിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കൈക്കൊണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തിനെതിരെയാണ് നിലവിലെ കേസ്. അന്നത്തെ മന്ത്രിസഭയിൽ ഇന്ന് തുടരുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. കേസിൽ വിധി എതിരായാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവരും. കഴിഞ്ഞ മന്ത്രിസഭയിൽ മറ്റൊരു കേസിൽ അന്നത്തെ മന്ത്രി കെ ടി ജലീലിന് ലോകായുക്ത വിധിയേത്തുടർന്ന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. അങ്ങനെ ഒരവസ്ഥ ഉണ്ടാകാതിരിക്കാൻ ലോകായുക്ത നിയമത്തിൽ ഈ സർക്കാർ ഭേദഗതി വരുത്തിയെങ്കിലും അതിൽ ഗവർണർ ഒപ്പിടാൻ തയ്യാറായിട്ടില്ല. ഇതാണ് മുഖ്യമന്ത്രിക്ക് കുരുക്കായി നിലനിൽക്കുന്നത്. ലോകായുക്തയുടെ ഫുൾബെഞ്ചിൽ നിന്നും അനുകൂല വിധിയുണ്ടായാലും കേസ് ഉയർന്ന കോടതികളിലേക്ക് നീളാനും സാധ്യതയുണ്ട്.

Share This News

0Shares
0