മിത്ത് വിവാദത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. “ആരും ഒന്നും തിരുത്തിയിട്ടില്ല. സ്പീക്കർ പറഞ്ഞത് വളരെ വ്യക്തമാണ്. സ്പീക്കർ ഒരു മതവിശ്വാസത്തിനെതിരെയും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു സംശയവുമുള്ള കാര്യമല്ല. ഇതു വളരെ ബോധപൂർവ്വം സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇതു നല്ലൊരു അവസരമായി കാണണമെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞത് ഇപ്പോൾ പുറത്തേക്കു വന്നുകഴിഞ്ഞു.. അപ്പോൾ വളരെ ബോധപൂർവ്വം കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ്. കേരളത്തിൽ സാമുദായിക, മത ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതെല്ലാവർക്കും അറിയുന്ന കാര്യമാണ്. സ്പീക്കറുടെ പേര് നാഥുറാം ഗോഡ്സെ എന്നായിരുന്നെങ്കിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ഇപ്പോൾ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നു.”-മന്ത്രി പറഞ്ഞു. മിത്ത് വിവാദത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആദ്യനിലപാട് തിരുത്തിയെന്ന രീതിയിൽ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യത്തിൽ നിലപാട് വിശദീകരിച്ചത്.