അവസാന മത്സരത്തിൽ 200 റണ്ണിൻ്റെ വമ്പൻ വിജയവുമായി വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര (2 -1) സ്വന്തമാക്കി ഇന്ത്യ. 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 351 റണ്ണെന്ന ഇന്ത്യയുടെ കൂറ്റൻ സ്കോറിനു മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 35.3 ഓവറിൽ 151 റണ്ണിനു ഓൾ ഔട്ടായി. 92 പന്തിൽ 85 റണ്ണടിച്ച ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ആണ് കളിയിലെ താരമായത്. രോഹിത് ശർമ്മയും വിരാട് കോലിയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഗില്ലിനൊപ്പം ഓപ്പൺ ചെയ്ത ഇഷാൻ കിഷൻ 64 പന്തിൽ 77 റണ്ണെടുത്തു. ഏകദിന പരമ്പരയിൽ ഇഷാൻ്റ തുടർച്ചയായ മൂന്നാമത്തെ ഹാഫ് സെഞ്ച്വറിയാണ്. 52 പന്തിൽ പുറത്താകാതെ 70 റണ്ണടിച്ച ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയും 41 പന്തിൽ 51 റണ്ണടിച്ച മലയാളി താരം സഞ്ജു സാംസണും 20 പന്തിൽ 35 റണ്ണടിച്ച സൂര്യകുമാർ യാദവും ഇന്ത്യയുടെ സ്കോറുയർത്തി. മൂന്നാമതായി ഇറങ്ങിയ ഗെയ്ക്വാദ് 14 പന്തിൽ 8 റണ്ണടിച്ച് പുറത്തായി. ഏഴു പന്തിൽ എട്ടു റണ്ണുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.
ബൗളിങ്ങിൽ ഇന്ത്യക്കു വേണ്ടി ഷാർദ്ദൂൽ താക്കൂർ നാലും മുകേഷ് കുമാർ മൂന്നും കുൽദീപ് യാദവ് രണ്ടും ജയദേവ് ഉനദ്കട് ഒന്നും വിക്കറ്റെടുത്തു. ഇഷാൻ കിഷൻ ആണ് പരമ്പയിലെ താരം. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കിയ ഇന്ത്യക്കു മുന്നിൽ ഇനി അഞ്ചു മത്സരങ്ങളടങ്ങിയ ട്വൻ്റി-ട്വൻ്റി പരമ്പരകൂടി ഉണ്ട്. വ്യാഴാഴ്ച ട്വൻ്റി-ട്വൻ്റി പരമ്പരയ്ക്ക് തുടക്കമാകും. മലായാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ ട്വൻ്റി-ട്വൻ്റി ടീമിലും ഇടംപിടിച്ചിട്ടുണ്ട്. ഏകദിന പരമ്പരയിൽ അവസാന രണ്ടു മത്സരത്തിലാണ് അവസരം ലഭിച്ചത്. അതിൽ ആദ്യ അവസരത്തിൻ 9 റണ്ണെടുത്തു പുറത്തായി. എന്നാൽ അവസാന ഏകദിനത്തിൽ നാലു സിക്സറുകളും രണ്ടു ഫോറും അടിച്ചെടുത്ത് ഫോമിലേക്കെത്തുകയായിരുന്നു. തുടക്കം മുതൽതന്നെ ആക്രമിച്ച് കളിക്കുന്ന ശൈലിയാണ് പുറത്തെടുത്തത്. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് വ്യാഴാഴ്ച ട്വൻ്റി-ട്വൻ്റി മത്സരം ആരംഭിക്കുന്നത്.