ലോക ടെസ്റ്റ് ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ ചാരമാക്കി ഇംഗ്ലണ്ട്. ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഓസിസിനെ 49 റണ്ണിന് തകർത്തെറിഞ്ഞ് ആതിഥേയർ പരമ്പര സമനിലയാക്കി. അവിസ്മരണിയമായ മത്സരത്തിൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയ സ്റ്റുവർട്ട് ബ്രോഡ് കങ്കാരുക്കളുടെ അവസാന വിക്കറ്റ് പിഴുതാണ് ഇംഗ്ലണ്ടിനെ വിജയരഥത്തിലെത്തിച്ചത്. ഇംഗ്ലണ്ടിൻ്റെ ഫാസ്റ്റ് ബൗളർ ക്രിസ് വോക്സ് കളിയിലെ താരമായപ്പോൾ പരമ്പരയിലെ താരമായി ഓസിസ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 283 റണ്ണും രണ്ടാം ഇന്നിങ്സിൽ 395 റണ്ണും സ്കോർ ചെയ്തു. മറുപടിയായി ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 295 റണ്ണടിച്ച് 12 റണ്ണിൻ്റെ ലീഡ് നേടിയെങ്കിലും. രണ്ടാം ഇന്നിങ്സിൽ 334 റണ്ണിൽ കീഴടങ്ങി. ഇതോടെയാണ് അവസാന ടെസ്റ്റിൻ്റെ അവസാന സെഷനിൽ 49 റണ്ണിൻ്റെ പരാജയം രുചിച്ചത്. ഇംഗ്ലണ്ടിനായി ഒന്നാം ഇന്നിങ്സിൽ ഹാരി ബ്രൂക്ക് 85 (91) റണ്ണും, ബെൻ ഡക്കറ്റ് 41(41) റണ്ണും നേടിയപ്പോൾ ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് 4 വിക്കറ്റും ടോഡ് മർഫി 2 വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി ജോ റൂട്ട് 91(106 ) റണ്ണും, ജോണി ബെയർസ്റ്റോവ് 78(103) റണ്ണും നേടിയപ്പോൾ മിച്ചൽ സ്റ്റാർക്കും ടോഡ് മർഫിയും നാലു വിക്കറ്റു വീതവും സ്വന്തമാക്കി.
പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. ഒരു മത്സരം മഴ തടസപ്പെടുത്തി ഫലം ഇല്ലാതെ അവസാനിച്ചിരുന്നു. ഓസ്ട്രേലിയക്കായി ഒന്നാം ഇന്നിങ്സിൽ സ്റ്റീവ് സ്മിത്ത് 71(123) റണ്ണും ഉസ്മാൻ ഖവാജ 47(157) റണ്ണും എടുത്തു. ഇംഗ്ലണ്ടിനായി ബൗളിങ്ങിൽ ഒന്നാം ഇന്നിങ്സിൽ ക്രിസ് വോക്സ് മൂന്നു വിക്കറ്റും ജോ റൂട്ട് രണ്ടു വിക്കറ്റും എടുത്തു. രണ്ടാം ഇന്നിങ്സിൽ ക്രിസ് വോക്സ് നാലും മോയിൻ അലി മൂന്നും വിക്കറ്റെടുത്തു. വിരമിക്കൽ പ്രഖ്യാപനം നടത്തിയ സ്റ്റുവർട്ട് ബ്രോഡ് രണ്ടു വിക്കറ്റുമെടുത്തു.. ഒന്നാം ഇന്നിങ്സിലും ബ്രോഡ് രണ്ടു വിക്കറ്റെടുത്തിരുന്നു.