മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ ഒന്നാം റാങ്ക് നൽകിയ നടപടി ശരിവച്ച ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം ചോദ്യം ചെയ്ത് യൂജിസിയും, രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയും ഫയൽ ചെയ്ത അപ്പീലിൽ കണ്ണൂർ സർവകലാശാലയ്ക്കും, പ്രിയ വർഗീസിനും എതിർ സത്യവാഗ്മൂലം നൽകാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി
നോട്ടീസ്. പ്രിയ വർഗീസിന്റെ നിയമനം അപ്പീലിന്റെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നു സുപ്രീംകോടതി വ്യക്തമാക്കി.
കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വസ്തുതകൾ ഒരു പരിധിവരെ പൂർണമായും പരിശോധിക്കാതെയാണെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. അപ്പീലിൽ തീർപ്പ് കൽപ്പിക്കുന്നത് തന്റെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ പാടുള്ളുവെന്ന് പ്രിയ വർഗീസ് സുപ്രീംകോടതിയിൽ തടസഹർജ്ജി ഫയൽ ചെയ്തിരുന്നു. ജെ കെ മഹേശ്വരി, കെ വി വിശ്വനാഥ് എന്നിവരടങ്ങുന്ന ബെഞ്ചിൻ്റെതാണ് ഉത്തരവ്. ആറാഴ്ചത്തെ സമയം നൽകിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.