വെസ്റ്റിൻഡീസിനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ വിജയം. മത്സരം അവശേഷിക്കാൻ രണ്ടു ദിവസം കൂടി ബാക്കിനിൽക്കെ ഇന്ത്യ ഇന്നിങ്ങ്സിനും 141 റണ്ണിനും ആതിഥേയരെ തകർത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്സിൽ 150 റണ്ണിൽ ഓൾ ഔട്ടായപ്പോൾ ഇന്ത്യ അഞ്ചു വിക്കറ്റിന് 421 റൺ എന്ന കുറ്റൻ സ്കോറിൽ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ആതിഥേയർ 130 റണ്ണിന് കൂടാരം കയറി. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റെടുത്ത സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് പിഴുതു. മറ്റൊരു സ്പിന്നറായ രവീന്ദ്ര ജഡേജ ആദ്യ ഇന്നിങ്സിൽ മൂന്നു വിക്കറ്റും രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റുമെടുത്തു. ഫസ്റ്റ് ബൗളർമാരായ മുഹമ്മദ് സിറാജിനും ശാർദ്ദൂൽ താക്കൂറിനും ആദ്യ ഇന്നിങ്സിൽ ഓരോ വിക്കറ്റ് വീതം നേടി. രണ്ടാം ഇന്നിങ്സിൽ സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു. മറ്റൊരു ഫാസ്റ്റ് ബൗളർ ജയദേവ് ഉനദ്കട്ടിന് വിക്കറ്റൊന്നും നേടാനായില്ല. ഇന്ത്യൻ ബാറ്റിങ്ങിൽ തിളങ്ങിയത് ആദ്യ മത്സരത്തിനിറങ്ങിയ യശസ്വി ജെയ്സ്വാളും(171),ക്യാപ്റ്റൻ രോഹിത് ശർമ്മയും(103), വിരാട് കോലി(76)യുമാണ്. രഹാനെ മൂന്നു റണ്ണിനും ഗിൽ ആറു റണ്ണിനും പുറത്തായി. 37 റണ്ണെടുത്ത ജഡേജയും ഒരു റണ്ണെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ ക്ഷനും പുറത്താകാതെ നിന്നു. യശസ്വി ജെയ്സ്വാളാണ് കളിയിലെ താരമായത്. ഈ മാസം 20നാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം.