ആർഷോയെ പരസ്യമായി തള്ളി എം വി ഗോവിന്ദൻ മാസ്റ്റർ

എസ്എഫ്ഐ സംസ്ഥാന്ന സെക്രട്ടറി പി എം ആർഷോയെ തള്ളി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദാനന്തര ബിരുദ കോഴ്സിന് പ്രവേശനം നേടിയ സംഭവത്തിൽ ആർഷോ എടുത്ത നിലപാടിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. നിഖിലിനെ ന്യായീകരിച്ചുകൊണ്ടുള്ള പ്രതികരണമായിരുന്നു ആർഷോ ആദ്യം എടുത്തത്. നിഖിലിനോട് മാധ്യമങ്ങൾ മാപ്പു പറയണമെന്നതടക്കം ആർഷോ ഉന്നയിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ നിഖിലിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ ആർഷോക്ക് നിഖിലിനെ തള്ളിപ്പറയേണ്ടിവന്നു. എസ്എഫ്ഐ സംസ്ഥാന സെ(കടറി പദവിയിലിരിക്കുമ്പോൾ കാണിക്കേണ്ട സൂക്ഷ്മത കാണിക്കാൻ ആർഷോക്കു കഴിയാതെ പോയതാണ് നിഖിൽ തോമസിൻ്റെ വിഷയത്തിൽ വ്യാപക വിമർശനം ഏറ്റുവാങ്ങാൻ ഇടയാക്കിയതെന്ന് ഇടതുപക്ഷത്തുനിന്നു തന്നെ വിമർശനം ഉയർന്നിരുന്നു. എന്നാൽ സിപിഐ എം നേതൃത്വം ആദ്യമായാണ് ഈ വിഷയത്തിൽ ആർഷോയുടെ നടപടിയെ പരസ്യമായി തള്ളിപ്പറയുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ചേർന്ന സി പി ഐ എം സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ ആർ ഷോയുടെ നടപടിയെ തള്ളിപ്പറഞ്ഞത്. നിഖിലിനെ ആർഷോ ന്യായീകരിക്കേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നാണ് ഗോവിന്ദൻ മാസ്റ്റർ തുറന്നുപറഞ്ഞത്.

Share This News

0Shares
0