ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിന് അവസരം ലഭിച്ചിരിക്കുന്നത്. പതിനേഴം ഗ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത് ശർമ്മ ക്യാപ്റ്റനായ ടീമിൽ ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ഷാർദ്ദൂൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യൂസ് വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ എന്നിവരാണ് മറ്റംഗങ്ങൾ. ജൂലൈ 27 ന് ആണ് ആദ്യ ഏകദിനം. ജൂലൈ 29ന് രണ്ടാം ഏകദിനവും ആഗസ്ത് ഒന്നിന് മൂന്നാം ഏകദിനവും നടക്കും. തുടർന്ന് അഞ്ച് മത്സരങ്ങടങ്ങിയ ട്വൻ്റി -ട്വൻ്റി പരമ്പരയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലേക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. ഏകദിന ടീമിൽ ഇടംപിടിച്ചതോടെ ഒക്ടോബറിൽ ഇന്ത്യയിൽ വച്ച് അരങ്ങേറുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും സഞ്ജുവിന് സാധ്യത തുറന്നിരിക്കുകയാണ്.
ജൂലൈ 12ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനം ആരംഭിക്കുന്നത്. രണ്ടു ടെസ്റ്റ് മത്സരങ്ങൾ നടക്കും. രണ്ടാം ടെസ്റ്റ് ജൂലൈ 20ന് തുടങ്ങും. രോഹിത് ശർമ്മ ക്യാപ്റ്റനായ ടെസ്റ്റ് ടീമിൽ, ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജെയ്സ്വാൾ, അജിൻക്യ രഹാനെ(വൈസ് ക്യാപ്റ്റൻ), കെ എസ് ഭരത് (വിക്കറ്റ് കീപ്പർ ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദ്ദൂൽ താക്കൂൾ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയദേവ് ഉനദ്കട്ട്, നവദീപ് സൈനി എന്നിവർ അംഗങ്ങളാണ്. ഇന്ത്യൻ സമയം രാത്രി 7.30 ന് ആണ് ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഏകദിന മത്സരങ്ങൾ രാത്രി 7 ന് ആരംഭിക്കും.