ബ്രഹ്മപുരത്തിൻ്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണത്തിന് അന്താരാഷ്ട്രതലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ലോകബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. മാർച്ച് 21-23 തീയതികളിലായി ഇതിനായി ലോകബാങ്ക് പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തും. മറ്റ് ഏജൻസികളുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. മാലിന്യസംസ്കരണ പ്ലാൻ്റുകൾക്കെതിരായി സങ്കുചിത താൽപ്പര്യത്തോടെ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങൾ കേരളത്തിന് ഇനിയും താങ്ങാനാവില്ല. അത്തരം പ്രതിഷേധങ്ങളെ ഇനിയും വകവെച്ചുകൊടുത്തുകൊണ്ട് മുന്നോട്ടു പോകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.