മധ്യപ്രദേശിലെ ഇൻഡോറിൽ ബുധനാഴ്ച ആരംഭിച്ച മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ലീഡ് നേടി ഓസ്ട്രേലിയ. സ്പിന്നർമാർക്കനുകൂലമായ പിച്ചിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 109 റണ്ണിൽ ഒതുക്കിയ ഓസ്ട്രേലിയ ആദ്യ ദിവസത്തെ കളി അവസാനിച്ചപ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 156 റൺ സ്കോർ ചെയ്തു. 47 റണ്ണിൻ്റെ ലീഡ് നേടി ഓസ്ട്രേലിയ നിലയുറപ്പിച്ചപ്പോൾ ഓസ്ട്രേലിയയുടെ നാലു വിക്കറ്റും പിഴുതത് ഇന്ത്യയുടെ ഇടംകയ്യൻ ഓഫ് സ്പിന്നർ രവീന്ദ്ര ജഡേജയാണ്. ഇന്ത്യയുടെ ഒന്നൊഴികെ മുഴുവൻ വിക്കറ്റും വീഴ്ത്തിയത് ഓസ്ട്രേലിയയുടെ സ്പിന്നർമാരാണ്. മാത്യു കുഹ്നെമാൻ അഞ്ചും, നഥാൻ ലിയോൺ മൂന്നും ടോഡ് മർഫി ഒന്നും വീക്കറ്റുകൾ വീഴ്ത്തി. ഇന്ത്യയുടെ അവസാന ബാറ്റർ മുഹമ്മദ് സിറാജ് റണ്ണൗട്ടാവുകയായിരുന്നു. ഇന്ത്യയുടെ പ്രധാന സ്കോറർ 22 റണ്ണെടുത്ത വിരാട് കോലിയാണ്. കെ എൽ രാഹുലിനു പകരം ക്യാപ്റ്റൻ ദാഹിത് ശർമ്മക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയ യുവതാരം ശുഭ്മാൻ ഗിൽ’ 21 റണ്ണും, വിക്കറ്റ് കീപ്പർ കെ എസ് ഭരതും ഉമേഷ് യാദവും 17 റൺ വീതവും എടുത്തു. അക്സർ പട്ടേൽ 12 റണ്ണുമായി പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്സ് ആരംഭിച്ച് 12 റണ്ണിലെത്തിയപ്പോഴേക്കും ട്രാവിസ് ഹെഡിനെ (9) നഷ്ടമായെങ്കിലും ഉസ്മാൻ ഖവാജയും മാർനസ് ലബുഷെയ്സും ചേർന്ന് ഓസ്ട്രേലിയൻ സ്കോർ ഉയർത്തി. ഖവാജ 60 റണ്ണും ലബുഷെയ്ൻ 31 റണ്ണും നേടി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത് 26 റണ്ണും നേടി. ഏഴു റണ്ണുമായി പീറ്റർ ഹാൻഡ്സ്കോമ്പും ആറു റണ്ണുമായി കാമറൂൺ ഗ്രീനുമാണ് പുറത്താകാതെ നിൽക്കുന്നത്. സ്വന്തം മണ്ണിൽ ഇന്ത്യ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 109 റൺ. ഒന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും ആധികാരിക വിജയം നേടിയ ഇന്ത്യ മൂന്നാം ടെസ്റ്റിൽ അടിപതറുന്ന കാഴചക്കാണ് ആദ്യദിനം സാക്ഷ്യംവഹിച്ചത്.