കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കന്ദ്രത്തിന് കുടപിടിക്കുകയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം കടക്കെണിയിൽ ആണെന്ന് പ്രചരിപ്പിക്കുന്നു. ധൂർത്തെന്നും കടക്കെണിയെന്നും പ്രതിപക്ഷവും മാധ്യമങ്ങളും പ്രചാരണം നടത്തുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിൻ്റെ ആഭ്യന്തര വരുമാനത്തിൻ്റെ 38.51 ആയിരുന്നു കടം. അത് പിന്നീട് അടുത്ത വർഷം 1.5 ശതമാനം കുറഞ്ഞു. മൊത്തം 2.46 ശതമാനം കുറവാണ് ഈ സാമ്പത്തിക വർഷത്തെ പ്രതിക്ഷിത കടംകൂടി ഉൾപ്പെടുത്തുമ്പോൾ ഉണ്ടാവുക. ഇതാണ് യാഥാർത്ഥ്യം. സാമ്പത്തിക സ്തംഭനം ഉണ്ടായ കോവിഡ് കാലത്താണ് കടം വർധിച്ചത്. കോവിഡ് കാലത്ത് സഹായം നൽകാനാണ് കടം എടുത്തത്. കടമേയുള്ളൂ വരുമാനമില്ല എന്ന് കുപ്രചരണം നടക്കുന്നുണ്ട്. നികുതി ഭീകരത എന്ന മുറവിളി ഉയർത്തുന്നു. നികുതി വരുമാനത്തിൽ അലംഭാവം ഉണ്ടായെന്നും പ്രചരിപ്പിക്കുന്നു. നികുതി പിരിവിൽ അലംഭാവം കാണിച്ചതല്ല, ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്ര സർക്കാരിൻ്റെ സമീപനമാണ്. കിഫ്ബിയുടെ കടം മറയാക്കി കേരളത്തിൻ്റെ കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചു. കേരളത്തിൻ്റെ തനതു വരുമാനവും ജിഎസ്ടിയും വർധിച്ചിരുന്നു. നികുതി പിരിവ് നടക്കാത്തതാണ് സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്ന പ്രചാരണം അസംബന്ധമാണ്. കടമെടുത്താണ് ശമ്പളവും പെൻഷനും നൽകുന്നത് എന്നത് വ്യാജപ്രാരണമാണ്. റവന്യു വരുമാനത്തിൽ നിന്നുമാണ് ശമ്പളവും പെൻഷനും നൽകുന്നത്. ഇതിനായി റവന്യു വരുമാനത്തിൻ്റെ 50.34 ശതമാനമാണ് ആവശ്യമായി വരുന്നുള്ളു. വികസനച്ചെലവ് ദുർച്ചെലവെന്ന് പറയാനാകുമോ. ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
മന്ത്രിമാർ ധൂർത്തു നടത്തുന്നു എന്ന പ്രചാരണവും ശരിയല്ല. പ്രതിപക്ഷത്തിന് സർക്കാരിനെ താറടിക്കലാണ് ലക്ഷ്യം. കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം കുറഞ്ഞു. ദേശീയ ജനസംഖ്യാ നയം മികച്ച രീതിയിൽ നടപ്പാക്കിയതാണ് നികുതി വിഹിതം കുറച്ചത്. ഇതൊക്കെ സമ്മതിക്കാൻ കോൺഗ്രസിന് മടിയുള്ളതുകൊണ്ടാണ് ബിജെപിക്കൊപ്പം സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുന്നത്. കോൺഗ്രസും ബിജെപയും ഇന്ധനവില നിർണയാധികാരം കുത്തകകൾക്ക് വിട്ടുകൊടുത്തവരാണ്. കിഫ്ബി അപ്രസക്തമായി എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് ശരിയല്ല. കിഫ്‌ബിയോട് എന്തിനാണിത്ര അസഹിഷ്ണുത എന്ന് മനസിലാകുന്നില്ല. പ്രതിപക്ഷത്തെ എംഎൽഎമാരുടെ മണ്ഡലങ്ങളിലും കിഫ്ബി വഴി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കേന്ദ്രനയത്താൽ വരിഞ്ഞു മുറുക്കപ്പെട്ട സംസ്ഥാനത്ത് ആശ്വാസകരമായ ബജറ്റാണ് അവതരിപ്പിച്ചത്. ചില നികുതി പരിഷ്കരണങ്ങൾ അനിവാര്യമായി വന്നതാണ്. ബജറ്റിനെതിരായ സമരത്തിൽ നിന്നും പ്രതിപക്ഷം പിൻമാറണം. ജനത്തിൻ്റെ നല്ലതിനുവേണ്ടി ബജറ്റ് നിർദ്ദേശങ്ങളെ പ്രതിപക്ഷം പിന്തുണയ്ക്കണം. നികുതി വർധനവ് സഹിക്കേണ്ടി വരുന്നവർ അതിനെ അനുകൂലിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നികുതി വർധനവിനെ താൻ എതിർത്ത കാലമല്ല ഇന്നത്തെ കാലമെന്നും ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പ്രതികരിച്ചു.