കേരളത്തിലേക്ക് ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക്; 2022 ലേത് സർവകാല റെക്കോർഡ്

2022 ല്‍ ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം സർവകാല റെക്കോർഡ് നേടിയതായി പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളത്തിലെത്തി. കൊവിഡിന് മുമ്പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022 ൽ ഇത് 1,88,67,414 ആയി ഉയർന്നു. (2.63 ശതമാനം വളർച്ചയാണ് 2022 ൽ നേടിയത് )

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകള്‍ സര്‍വ്വകാല റെക്കോര്‍ഡ് കൈവരിച്ചു. പത്തനംതിട്ട ( കോവിഡിന് മുമ്പത്തേക്കാളും 77.5 ശതമാനവും ), ഇടുക്കി (42.8 %) ,വയനാട് (25.54 %), ആലപ്പുഴ (8.75%), മലപ്പുറം( 2.46 %), തിരുവനന്തപുരം ജില്ലകളാണ് ( 5.6 %) വലിയ മുന്നേറ്റം ഉണ്ടാക്കിയത്. സഞ്ചാരികളുടെ വരവ് ഈ ജില്ലകളിൽ സർവ്വകാല റെക്കോർഡിലെത്തി. 2022-ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. (40,48,679 ) തിരുവനന്തപുരം (30,58,858), ഇടുക്കി (25,56,730) ,തൃശൂർ (21,30,420), വയനാട് (15,09,207) എന്നീ ജില്ലകൾ ആണ് മുന്നിലുള്ളത്.

പൊതുമരാമത്ത് – ടൂറിസം വകുപ്പുകളിലെ നിര്‍മ്മാണ മേഖലയില്‍ സമഗ്രമായ ഡിസൈന്‍ നയത്തിന് രൂപം നല്‍കുകയാണ്. ഓട്ടോറിക്ഷകളേയും ഓട്ടോറിക്ഷാ തൊഴിലാളികളേയും കേരളത്തിന്‍റെ ടൂറിസം പ്രചാരകരായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനവും ഇതിന്‍റെ ഭാഗമായി ആരംഭിക്കും. വയനാട്ടില്‍ ഇതിനായി ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി.

കോവിഡിന് ശേഷം ലോകത്തെ ടൂറിസം ട്രെന്‍റുകള്‍ വിലയിരുത്തി സമഗ്രമായ മാർക്കറ്റിംഗ് സ്ട്രാറ്റജി ആവിഷ്ക്കരിക്കുകയാണ്. ഇതിനായി വിപുലമായ ഒരു വര്‍ക്ക്ഷോപ്പ് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നുവരുന്നതില്‍ പ്രധാനപ്പെട്ടതാണ് വെഡിംഗ് ഡെസ്റ്റിനേഷന്‍ പ്രചരിപ്പിക്കുന്നതിനുള്ള ക്യാമ്പയിന്‍. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിവാഹ ആവശ്യത്തിനായി കേരളത്തില്‍ എത്തുന്ന രീതി വര്‍ദ്ധിക്കുന്നുണ്ട്. ഇത്തരം അനുകൂല സാഹചര്യങ്ങളില്‍ അതിനനുകൂലമായ മാര്‍ക്കറ്റിംഗ് രീതി നടപ്പാക്കുകയാണ് ചെയ്യുന്നത് എന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ കടല്‍തീരമുള്ള എല്ലാ ജില്ലകളിലും ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. കെ ടി ഡി സിയുടെ നേതൃത്വത്തില്‍ കാരവാന്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. ഹെറിറ്റേജ് ടൂറിസം വ്യാപകമാക്കും, സ്ത്രീ സൗഹൃദ ടൂറിസം ഈ വര്‍ഷത്തോടെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കും. നൈറ്റ് ലൈഫ് ടൂറിസം പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Share This News

0Shares
0