വിമർശകരുടെ വായടപ്പിച്ച ബാറ്റിങ് പ്രകടനവുമായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പ ബാവുമ. 102 പന്തിൽ 109 റണ്ണടിച്ച് ടെമ്പ മുന്നിൽ നിന്ന് നയിച്ചപ്പോൾ ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തറപറ്റിച്ച് 2-0 ൻ്റെ ലീഡുമായി ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും സ്വന്തമാക്കി. ആദ്യ മത്സരത്തിൽ 27 റണ്ണിൻ്റെ വിജയം സ്വന്തമാക്കിയ ആതിഥേയർ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ 5 വിക്കറ്റിൻ്റെ ത്രസിപ്പിക്കുന്ന വിജയമാണ് നേടിയത്. ടെമ്പയാണ് കളിയിലെ താരമായത്. എഴു വിക്കറ്റിൻ്റെ നഷ്ടത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 341 റൺ എന്ന കൂറ്റൻ സ്കോറാണ് 5 വിക്കറ്റും 5 പന്തും ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക (347/5 )മറികടന്നത്. ബുധനാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. പരമ്പര തൂത്തുവാരിയാൽ ഇന്ത്യയിൽ ഈ വർഷം നടക്കുന്നന്ന ഏകദിന ലോകപ്പിലേക്ക് ദക്ഷിണാഫ്രിക്കക്ക് ക്വാളിഫൈ ചെയ്യാം.
കറുത്ത വംശജനായതിൻ്റെ പ്രാതിനിധ്യത്തിൻ്റെ പേരിൽ മാത്രം ടീമംഗമായും ക്യാപ്റ്റനായും തുടരുന്നു എന്ന വിമർശനം ടെമ്പക്കെതിരെ പല കോണുകളിൽ നിന്നും പരോക്ഷമായി ഉയർന്നിരുന്നു. 22 മത്സരത്തിനിടെ ടെമ്പയുടെ മൂന്നാമത്തെ സെഞ്ച്വറി നേട്ടമാണ് ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ കണ്ടത്. ഏകദിനത്തിൽ 46 റണ്ണിലേറെ ആവറേജും കൈവരിക്കാൻ ടെമ്പയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 28 പന്തിൽ 36 റൺസും ടെമ്പ നേടിയിരുന്നു. പരമ്പര നേട്ടം ക്യാപ്റ്റനെന്ന നിലയിലും ടെമ്പയ്ക്ക് വിമർശകർക്കുള്ള മറുപടിയായി. 37 പന്തിൽ പുറത്താകാതെ 58 റണ്ണടിച്ച് ഡേവിഡ് മില്ലറും 43 പന്തിൽ 49 റണ്ണടിച്ച് ഏയ്ഡൻ മാർക്രവും 29 പന്തിൽ പുറത്താകാതെ 32 റണ്ണടിച്ച് മാർക്കോ ജാൻസണും ദക്ഷിണാഫ്രിക്കൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇംഗ്ലണ്ടിനായി ക്യപ്റ്റൻ ജോസ് ബട്ലർ 82 പന്തിൽ 94 റണ്ണും യുവതാരം ഹാരി ബ്രൂക്ക് 75 പന്തിൽ 80 റണ്ണും മോയിൻ അലി 45 പന്തിൽ 51 റണ്ണും അടിച്ചു.