സൊമാലിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ല്ലോയിഡ് ഓസ്റ്റിൻ പ്രസ്താവനയിൽ അറിയിച്ചു. സൊമാലിയയിൽ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ സാമ്പത്തിക സൈനിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ബിലാൽ അൽ സുഡാനിയാണ് കൊല്ലപ്പെട്ടത്. ജനുവരി 25ന് വടക്കൻ സൊമാലിയയിലെ ഒരു ഗുഹയിൽ നടന്ന വെടിവെയ്പ്പിലാണ് ഇയാളെ വധിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന 10 കൂട്ടാളികളും കൊല്ലപ്പെട്ടു. ആഫ്രിക്കയിൽ ഇസ്ലാമിക് സ്‌റ്റേറ്റിൻ്റെ സ്വാധീനം വ്യാപിപ്പിച്ചതിലും അഫ്ഗാനിസ്ഥാനിലേക്ക് ഉൾപ്പടെ ഫണ്ടുകൾ കൈമാറിയിരുന്നതിലും ബിലാൽ അൽ സുഡാനിക്ക് നിർണായക പങ്കുണ്ടായിരുന്നതായി ല്ലോയിഡ് ഓസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു.