ന്യൂസീലാൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഛത്തീസ്ഗഢിൻ്റെ തലസ്ഥാനമായ റായ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ എട്ടു വിക്കറ്റിൻ്റെ ആധികാരിക വിജയം നേടി. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിലെ ആവേശപ്പോരാട്ടത്തിൽ 12 റണ്ണിന് ഇന്ത്യ വിജയിച്ചിരുന്നു. ഇതോടെയാണ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ചൊവാഴ്ച മധ്യപ്രദേശിലെ ഇൻഡോറിലാണ് പരമ്പരയിലെ ശേഷിക്കുന്ന മത്സരം.
ശനിയാഴ്ച റായ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ ന്യൂസീലാൻഡിനെ 34.3 ഓവറിൽ 108 റണ്ണിന് എറിഞ്ഞിട്ട ഇന്ത്യ 20.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ക്യപ്റ്റൻ രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറി (50 പന്തിൽ 51) നേടി. വിരാട് കോഹ്ലി 9 പന്തിൽ 11 റണ്ണെടുക്കുന്നതിനിടെ പുറത്തായെങ്കിലും ശുഭ്മാൻ ഗിൽ 53 പന്തിൽ 40 റണ്ണും ഇഷാൻ കിഷൻ 9 പന്തിൽ 8 റണ്ണും നേടി ഇന്ത്യൻ വിജയം പൂർത്തിയാക്കി. ബൗളിങ്ങിൽ ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റും ഹർദ്ദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും രണ്ടും വിക്കറ്റു വീതവും മുഹമ്മദ് സിറാജും ഷാർദ്ദൂൽ താക്കൂറും കുൽദീപ് യാദവും ഓരോ വിക്കറ്റു വീതവും നേടി. ന്യുസിലാൻഡ് ബാറ്റിങ് നിരയിൽ ഏഴുപേർക്ക് രണ്ടക്കം തികക്കാനായില്ല. 52 പന്തിൽ 36 റൺ നേടിയ ഗ്ലെൻ ഫിലിപ്പാണ് സീലാൻഡിൻ്റെ ടോപ് സ്കോറർ.