ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ പിആർ സുനുവിനെ ഉടനടി സർവീസിൽ നിന്ന് നീക്കംചെയ്ത് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവായി.സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് നടപടി. പീഡനമുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് സിഐ പി ആർ സുനു.
കേരള പോലീസ് ആക്ട് സെക്ഷൻ 86 പ്രകാരമാണ് ഇൻസ്പെക്ടർ സുനുവിനെതിരെ സംസ്ഥാന പോലീസ് മേധാവി നടപടി എടുത്തത്. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.
കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു നീക്കം ചെയ്യുന്നത്. പോലീസിലെ ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി.