കെഎസ്ആർടിസി ജീവനക്കാരുടെ ശംബളം അടിയന്തിരമായി വിതരണം ചെയ്തില്ലെങ്കിൽ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡിസംബർ മാസത്തിലെ ശംബളം വിതരണം ചെയ്യാത്തിൽ പ്രതിഷേധിച്ച് TDF ചീഫ് ഓഫീസ് നടയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറിൽ 225 കോടിയുടെ റെക്കോർഡ് വരുമാനം ഉണ്ടായിട്ടും കെഎസ്ആർടിസിയിൽ ശംബളം മുടക്കുന്നത് സർക്കാരും മാനേജ്മെന്റും ഉണ്ടാക്കുന്ന ക്യത്യിമ പ്രതിസന്ധിയുടെ ഭാഗമാണെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ചേർത്ത് നിർത്തുന്നതിന് പകരം അവരെ ശത്രുപക്ഷത്ത് നിർത്തുന്നത് യുഡിഎഫ് നേതൃത്വം ഗൗരവമായി കാണുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതിയ ബസുകൾ കെഎസ്ആർടിസിക്ക് വാങ്ങാത്തതും റൂട്ടുകൾ സ്വകാര്യ വ്യക്തികൾക്ക് നൽകുകയും ചെയ്യുന്നത് സംസ്ഥാന സർക്കാരിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണെന്നും അദ്ദേഹം അറിയിച്ചു. റ്റിഡിഎഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എംവിൻസെന്റ്, എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന നേതാക്കളായ ഡി.അജയകുമാർ, സന്തോഷ് കുര്യൻ, മനോജ് ലാക്കയിൽ, എം.വി.ലാൽ, ഷൗക്കത്തലി, ശ്രീകുമാർ, ആർ.എൽ.രാജീവ്, ജയകുമാരി, പ്രദീപ്കുമാർ, എ.എൻ.രാജേഷ് എന്നിവരും മറ്റു സംസ്ഥാന ജില്ലാ ഭാരവാഹികളും പങ്കെടുത്തു. വെള്ളിയാഴ്ച മുതൽ റ്റിഡിഎഫ് സംസ്ഥാന നേതാക്കളായ എസ്.കെ.മണി, ബിജു ജോൺ എന്നിവരാണ് അനിശ്ചിതകാല നിരാഹാരത്തിലുള്ളത്.