‘റാവൽപിണ്ടിയും മുൾട്ടാനും കറാച്ചിയും കീഴടക്കി ഇംഗ്ലീഷ് പട’

പാക് മണ്ണിൽ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇംഗ്ലണ്ടിൻ്റെ ജൈത്രയാത്ര. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന ടെസ്റ്റിൻ്റെ അവസാന ദിനമായിരുന്ന ചൊവ്വാഴ്ച രാവിലെ തന്നെ ഇംഗ്ലണ്ട് ചരിത്ര വിജയം പൂർത്തിയാക്കി. കറാച്ചിയിലായിരുന്നു അവസാന ടെസ്റ്റ്. എട്ടു വിക്കറ്റിൻ്റെ വിജയമാണ് കരസ്ഥമാക്കിയത്. റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റിൽ 74 റണ്ണിനും മുൾട്ടാനിൽ നടന്ന രണ്ടാം ടെസ്റ്റിൽ 26 റണ്ണിനുമായിരുന്നു ഇംഗ്ലീഷ് വിജയം. മൂന്നാം ടെസ്റ്റിൽ പാക്കിസ്താൻ ആദ്യ ഇന്നിങ്സിൽ 304 റണ്ണിനും രണ്ടാം ഇന്നിങ്സിൽ 216 റണ്ണിനും പുറത്തായി. ആദ്യ ഇന്നിങ്സിൽ 354 റണ്ണിൽ പുറത്തായ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 170 റണ്ണടിച്ച് വിജയം കണ്ടു.

ബെൻ സ്റ്റോക്സിൻ്റെ നേതൃത്വത്തിൽ ഏകദിനശൈലിയിൽ ടെസ്റ്റ് കളിക്കുന്ന ഇംഗ്ലണ്ടിൻ്റെ ശൈലി പാക്കിസ്താനെതിരായ മിന്നും വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിന് പുതിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. മൂന്നു ടെസ്റ്റിലെ അഞ്ച് ഇന്നിങ്സുകളിൽ നിന്നായി മൂന്നു സെഞ്ചുറിയും ഒരു അർദ്ധസെഞ്ചുറിയും നേടിയ യുവതാരം ഹാരി ബ്രൂക് ആണ് പരമ്പരയിലെ താരമായത്. പാക് വംശജനായ 18 വയസുള്ള ഇംഗ്ലണ്ടിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പുതുമുഖ താരം രെഹാൻ അഹമ്മദ് അരങ്ങേറ്റം അവിസ്മരണിയമാക്കി. മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്സിൽ രണ്ടും രണ്ടാം വിക്കറ്റിൽ അഞ്ചു വിക്കറ്റും നേടിയാണ് വലംകയ്യൻ ലെഗ്സ്പിന്നറായ രെഹാൻ വരവറിയച്ചത്. ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്ത 10 ടെസ്റ്റിൽ ഒമ്പതിലും വിജയം നേടിയ ബെൻസ്റ്റോക്സിനും പാക് മണ്ണിലെ പരമ്പര വിജയം പൊൻതൂവലായി.

Share This News

0Shares
0