‘മുഖ്യമന്ത്രിക്ക് മുന്നില്‍ എല്ലാ ദിവസത്തെയും വിലനിലവാരം എത്തും. ഏതെങ്കിലും ഒരു ദിവസം മുഖ്യമന്ത്രി അത് പരിശോധിച്ചിട്ടുണ്ടോ?’

വിലക്കയറ്റത്തിനും കാര്‍ഷികമേഖലയിലെ തര്‍ച്ചയ്ക്കും പൊലീസ് അതിക്രമങ്ങള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്പീക്കര്‍ക്കുമെതിരായ നാണംകെട്ട വെളിപ്പെടുത്തലില്‍ കേസെടുക്കാത്തതിലും പ്രതിഷേധിച്ച് യു.ഡി.എഫും കോണ്‍ഗ്രസും സമരമുഖത്തേക്ക് കടക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ചൊവ്വാഴ്ച എറണകുളത്ത് മയക്ക് മരുന്ന് വിരുദ്ധ കാമ്പയിന് യു.ഡി.എഫ് തുടക്കം കുറിക്കും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും ഭരണ പരാജയത്തിനും എതിരെ നവംബര്‍ മൂന്നിന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും. എട്ടിന് യു.ഡി.എഫ് നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് നടക്കും. മൂന്നാം ഘട്ടത്തില്‍ സെക്രട്ടേറിയറ്റ് വളയും. ഇതിനൊപ്പം യു.ഡി.എഫ് കോണ്‍ഗ്രസ് പോഷകസംഘടനകളും വിവധ വിഷയങ്ങളുന്നയിച്ച് സമരത്തിലേക്ക് കടക്കും. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ പരാതി.

സംസ്ഥാനത്ത് അരി വില 65 രൂപയായിട്ടും വിപണിയിലിടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. അരി വില കൂടിയതിന് അനുപാതികമായി 13 നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറി വില കൂടുകയാണ്. ഓണത്തിന് ശേഷം രൂക്ഷമായ വിലക്കയറ്റമുണ്ടായിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ല. ആന്ധ്രയില്‍ നിന്നും അരി കൊണ്ട് വരുമെന്ന് ഒരു മാസമായി മന്ത്രി പറയുകയാണ്. മുഖ്യമന്ത്രിക്ക് മുന്നില്‍ എല്ലാ ദിവസത്തെയും വിലനിലവാരം എത്തും. ഏതെങ്കിലും ഒരു ദിവസം മുഖ്യമന്ത്രി അത് പരിശോധിച്ചിട്ടുണ്ടോ? പരിശോധിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ നിഷ്‌ക്രിയനായി ഇരിക്കില്ലായിരുന്നു. പൊലീസ് അതിക്രമങ്ങളും കെടുകാര്യസ്ഥതയും സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുകയാണ്. മിണ്ടാതിരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ പുതിയ തന്ത്രം. സ്വപ്‌ന കഴിഞ്ഞ ദിവസം തെളിവുകളള്‍ സഹിതം മുന്‍ സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ ആരോപണം ഉന്നയിച്ചിട്ടും കേസെടുക്കാന്‍ പോലും തയാറായിട്ടില്ല. ഇക്കാര്യത്തില്‍ മൗനം അവലംബിക്കാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. സോളാര്‍ കേസ് പ്രതിയില്‍ നിന്നും പരാതി എഴുതിവാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തവര്‍ ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരായി വെളിപ്പെടുത്തലില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് വ്യക്തമാക്കണം.

175000 മെട്രിക് ടണ്‍ നെല്ലാണ് എല്ലാ വര്‍ഷവും സപ്ലൈകോ സംഭരിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം അയ്യായിരം ടണ്‍ നെല്ല മാാത്രമാണ് സര്‍ക്കാര്‍ സംഭരിച്ചത്. തുലാവര്‍ഷമായിട്ടും കുട്ടനാട്ടിലും പാലക്കാടും കൊയ്‌തെടുത്ത നെല്ല് മുഴുവന്‍ പാടത്ത് കിടക്കുകയാണ്. അരി വില 65 രൂപയായ കാലത്താണ് കേളത്തില്‍ വിളയിച്ച നെല്ല് പാടത്ത് കിടക്കുന്നത്. ഇനി അത് സംഭരിച്ചാലും 50 ശതമാനത്തോളും ഉപയോഗശൂന്യമാകും. നാളികേര സംഭരണവും പ്രഖ്യാപിച്ചതല്ലാതെ നടന്നില്ല. സംസ്ഥാനത്തെ നെല്‍ കര്‍ഷകരും നാളികേര കര്‍ഷകരും റബര്‍ കര്‍ഷകരും കണ്ണീരിലാണ്. എല്ലാ മേഖലകളിലും ഈ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. മയക്ക് മരുന്ന് സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായിരിക്കുകയാണ്. അതിന് ഒത്താശ ചെയ്യുന്നതും സി.പി.എം നേതാക്കളാണ്. സര്‍ക്കാരിന്റെ മയക്ക് മരുന്ന് കാമ്പയില്‍ കൊണ്ട് എന്താണ് ഗുണം? മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ട് മാത്രം കാര്യമില്ല. മയക്ക് മരുന്ന് കടത്തുന്നവരെ കണ്ടെത്താന്‍ നടപടിയെടുക്കുകയാണ് വേണ്ടത്.

Share This News

0Shares
0