17 പന്തിൽ 53 അടിച്ച് ആസ്ട്രേലിയൻ ഓൾ റൗണ്ടർ മർകസ് സ്റ്റോയിനിസ്. അഞ്ചു സിക്സറുകളും നാലു ഫോറും അടക്കം അടിച്ചുകൂട്ടിയാണ് ആസ്ട്രേലിയയുടെ മീഡിയം പേസറായ സ്റ്റോയിനസ് അമ്പതു കടന്നത്. ഒരു ഓസ്ട്രേലിയൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ ട്വൻ്റി- ട്വൻ്റി അർദ്ധസെഞ്ച്വറിയാണ് സ്റ്റോയിനസ് സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി മുന്നിൽ നിൽക്കുന്ന ലങ്കയുടെ ഹസരങ്കയുടെ ഒരോവറിൽ സ്റ്റാറ്റായിനസ് രണ്ടു കൂറ്റൻ സിക്സറും ഒരു ഫോറും അടക്കം 19 റണ്ണാണ് അടിച്ചെടുത്തത്. സ്പിന്നർമാരെ ഊടുപാടും അടിച്ചു പറത്തിയ സ്റ്റോയിസ് ഫാസ്റ്റ് ബോളിലും പന്ത് നിലം തൊടാതെ അതിർത്തി കടത്തി. 16.3 ഓവറിൽ ആസ്ട്രേലിയ വിജയ ലക്ഷ്യമായ 158 ൽ എത്തിയപ്പോൾ മൊത്തം ആറു സിക്സറുകളുടെ അകമ്പടിയോടെ 18 പന്തിൽ 59 റണ്ണുമായി സ്റ്റോയിനസ് അപരാജിതനായി നിന്നു. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 42 പന്തിൽ 31 റണ്ണുമായി ഒപ്പം ചേർന്നപ്പോൾ ആതിഥേയർ 7 വിക്കറ്റിൻ്റെ മിന്നും വിജയം കരസ്ഥമാക്കി. ആദ്യ മത്സരത്തിൽ അയൽപക്കക്കാരായ ന്യൂസിലാൻഡിനെതിരെ 89 റണ്ണിൻ്റെ ഭയനീയ പരാജയം രുചിച്ച ആസ്ട്രേലിയക്ക് സ്റ്റോയിനിസിൻ്റെ വെടിക്കെട്ടിൻ്റെ സഹായത്തോടെ വിജയത്തിനൊപ്പം റൺറേറ്റും മെച്ചപ്പെടുത്താനായി. എങ്കിലും ഇപ്പോഴും ഗ്രൂപ്പിലെ പോയിൻ്റു പട്ടികയിൽ ന്യൂസിലാൻഡിനും ഇംഗ്ലണ്ടിനും ശ്രീലങ്കക്കും പിന്നിലാണ് ആതിഥേയർ. ഐർലാൻ്റും അഫ്ഗാനിസ്ഥാനുമാണ് പിന്നിലുള്ളത്.