ട്വൻ്റി-ട്വൻ്റി ലോകകപ്പ് ക്രിക്കറ്റിൽ രണ്ടു തവണ ലോക ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് ഐർലാൻ്റ്. ഇതോടെ ഗ്രൂപ്പ് ബിയിൽ നിന്നും ഐറിഷുകാർ ലോകകപ്പിൻ്റെ സൂപ്പർ ട്വൽവിൽ സ്ഥാനമുറപ്പിച്ചു. മൂന്നു കളിയിൽ നിന്നും രണ്ടു ജയവും ഒരു തോൽവിയുമായി നാലു പോയിൻ്റുമായാണ് ഐർലാൻ്റുകാർ യോഗ്യത നേടിയത്. നേരത്തെ സ്കോട്ലാൻ്റിനെതിരെയായിരുന്നു ഐർലാൻ്റിൻ്റെ ആദ്യ വിജയം. സ്കോട്ലാൻ്റ് വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒമ്പതു വിക്കറ്റിനാണ് കരുത്തരായ കരീബിയൻ പടയെ ഐറിഷുകാർ മുട്ടുകുത്തിച്ചത്. നാല് ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് എടുത്ത സ്പിന്നർ ഗാരെത് ഡെലാനിയുടെ മികവിൽ 20 ഓവറിൽ 146 റൺസിൽ കരീബിയൻസിനെ ചുരുട്ടിക്കെട്ടിയ ഐർലാൻ്റ് 17.3 ഓവറിൻ ലക്ഷ്യം കണ്ടു. 23 പന്തിൽ 37 റണ്ണടിച്ച ക്യാപ്റ്റൻ ബാൽബിർനിയുടെ വിക്കറ്റ് മാത്രമാണ് ഐർലാൻ്റിന് നഷ്ടമായത്. 48 പന്തിൽ നിന്ന് 66 റണ്ണുമായി പോൾ സ്റ്റെർലിങ്ങും 35 പന്തിൽനിന്നും 45 റണ്ണടിച്ച ലോർക്കൻ ടക്കറും അപരാജിതരായി നിന്നു. 48 പന്തിൽ 62 റണ്ണടിച്ച ബ്രാൻഡൻ കിങ്ങും 18 പന്തിൽ 24 റണ്ണടിച്ച ജോൺസൺ ചാൾസുമാണ് വെസ്റ്റിൻഡീസ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. 12 പന്തിൽ 19 റണ്ണെടുത്ത ഒഡിയൻ സ്മിത്തും വെസ്റ്റിൻഡീസ് സ്കോർ 146 ൽ എത്താൻ സഹായിച്ചു. ഇടംകയ്യൻ സ്പിന്നർ അകേൽ ഹൊസൈനാണ് ഐർലാൻ്റിൻ്റെ എക വിക്കറ്റ് വീഴ്ത്തിയത്.